ആ ലുക്ക് അമൽനീരദ് ചിത്രത്തിനായി; സിബിഐ അഞ്ചിനും ജീവന്‍ വയ്ക്കുന്നു

താടിയും മുടിയും നീട്ടിയ ലുക്കിലെത്തിയ മമ്മൂട്ടിയെ കണ്ട് അമ്പരന്നു ആരാധകർ. ആ ലുക്ക് അമൽ നീരദ് ചിത്രത്തിലേത് തന്നെയെന്ന് ഒടുവിൽ സ്ഥിരീകരണമായിരിക്കുകയാണ്. ചെറിയ കാൻവാസിലൊരുക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാകും റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചിയില്‍ തന്നെയാണ് ചിത്രീകരണം. 

2021 മമ്മൂട്ടിച്ചിത്രങ്ങളുടെ വർഷമാണെന്നാണ് ആരാധകർ പറയുന്നത്. പ്രീസ്റ്റ് ആദ്യം പ്രേക്ഷകരിലേക്കെത്തും പിന്നാലെ സന്തോഷ് വിശ്വനാഥിന്റെ 'വണും'. അമൽ നീരദ് ചിത്രത്തിനു ശേഷം നവാഗതയായ റത്തീന ശർഷാദിന്റെ പ്രോജക്ട് ആരംഭിക്കും. ‘ഉണ്ട’ എഴുതിയ ഹർഷദ്​, വരത്തന്‍ എഴുതിയ ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്​സ്​ ബിജോയ്​ ആണ്​ സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരം. മനു ജഗത്​ ആണ്​ കലാ സംവിധാനം.

തുടർന്ന് ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യ വാരത്തോടെയോ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും. സിനിമയുടെ തിരക്കഥാ ചർച്ചയുമായി ബന്ധപ്പെട്ട് എസ്.എൻ.സ്വാമിയും മമ്മൂട്ടിയും കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മനോരമ ഓൺലൈനിനോടാണ് എസ്.എൻ സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. രഞ്ജിത്തിന്റെ പ്രോജക്ട്, വിനോദ് വിജയന്റെ അമീർ, വൈശാഖിന്റെ ന്യൂയോർക്ക്, സത്യൻ അന്തിക്കാട് ചിത്രം എന്നിവയും ഈ വർഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്യും.