ദൃശ്യം ഒടിടിക്ക്;‘നിങ്ങളും മോഹൻലാൽ..; തിയറ്റർ ഉടമകളോടുള്ള വഞ്ചന’; പ്രതിഷേധം

മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റർ ഉടമകളിൽ നിന്നും പ്രതിഷേധം ശക്തമാകുന്നു. ദൃശ്യം അണിയറപ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേമ്പറും രംഗത്തുവന്നു. ‘തിയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍.’- എന്നാണ് ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് പ്രതികരിച്ചത്.

മലയാളത്തില്‍ ആദ്യമായി ഒടിടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഈ സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസ്സോസിയേഷൻ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുക്കുന്നത് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണ്.’–ലിബർട്ടി ബഷീർ പറയുന്നു.

കേരളത്തിന്റെ മുഴുവന്‍ തിയറ്റര്‍ ഉടമകളും ഈ നീക്കത്തിന് എതിരാണ്, ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, വളരെ പ്രതീക്ഷയോടെയാണ് ദൃശ്യം 2 വിനെ കണ്ടിരുന്നത്. നേരത്തെ ദൃശ്യം തിയറ്ററുകളിലേക്ക് ആളെകൊണ്ടുവന്ന ചിത്രമായിരുന്നു. വിജയ് ചിത്രം മാസ്റ്റര്‍ തിയറ്ററുകളില്‍ ഇറക്കണമെന്നത് അവരുടെ നിര്‍ബന്ധമാണ്. അത്തരമൊരു നിലപാട് എന്ത് കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എടുത്തുകൂടായെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.