വീണ്ടും ഉർവശിക്കാലം; സൂര്യക്കൊപ്പം തിളങ്ങി; 'വഴികാട്ടിയത് കമൽഹാസൻ'

ഇപ്പോൾ സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് സുരരൈ പോട്ര് എന്ന സിനിമയെക്കുറിച്ചാണ്. തിയറ്റര്‍ റിലീസില്ലാത്ത ഈ കാലത്ത് ഒടിടിയിൽ റിലീസായ സൂര്യ ചിത്രം സുരരൈ പോട്ര് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ ചർച്ചകളില്‍ ഉയർന്നു വരുന്ന പേര് നമ്മുടെ സ്വന്തം ഉർവശിയുടേതാണ്. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തിന് പ്രശംസകള്‍ ഏറെയാണ് ലഭിക്കുന്നത്.

സുരരൈ പോട്ര് മാത്രമല്ല മുക്കുത്തി അമ്മൻ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങളിലും മിന്നും പ്രകടനവുമായാണ് ഉർവശി തിളങ്ങുന്നത്. പഴകുംതോറും വീര്യം കുടുന്ന വീഞ്ഞ് പോലെയാണ് ഉർവശി എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം. 

ഹാസ്യവേഷങ്ങള്‍ അനായാസം ചെയ്യുന്ന ഒരു മുന്‍നിര നായിക നടിയെന്ന തരത്തില്‍ സിനിമയില്‍ താന്‍ തിളങ്ങിയതിനു പിന്നില്‍ നടന്‍ കമല്‍ ഹാസന്റെ വലിയ പ്രചോദനുമുണ്ടായിരുന്നെന്നാണ് ഉര്‍വശി ഇപ്പോൾ പറയുന്നത്.അക്കാലഘട്ടത്തില്‍ ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നെന്നാണ് നടി പറയുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉർവശി തുറന്നു പറയുന്നത്. 

'മലയാളത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല, പക്ഷെ തമിഴില്‍ ഇത്തരം സീനുകള്‍ ഒഴിവാക്കിയിട്ട് എങ്ങനെ ഒരു നായികാ കഥാപാത്രം ചെയ്യുമെന്ന ചോദ്യം വന്നു. പിന്നീട് മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി. നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളും. നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ്' എന്നും അദ്ദേഹം പറഞ്ഞു തന്നു.