'ഹിന്ദു ദൈവത്തെ അപമാനിക്കുന്നു'; നയൻതാരയുടെ മൂക്കുത്തി അമ്മനെതിരെ മീര

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കെതിരെ വിവാദ പരാമർശവുമായി ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുൻ. നയൻസിന്റെ പുതിയ ചിത്രമായ മൂക്കുത്തു അമ്മനുമായി ബന്ധപ്പെട്ടാണ് വിവാദം. മൂക്കുത്തി അമ്മനെ അവതരിപ്പിക്കാൻ നയൻസിന് യോഗ്യതയില്ലെന്നാണ് മീരയുടെ വാദം. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയന്‍താര ഹിന്ദുദൈവങ്ങളെ അപമാനിക്കുകയാണെന്നും മീര ട്വീറ്റ് ചെയ്തു. 

‘അവര്‍ക്ക് അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ എന്നായിരുന്നു ട്വീറ്റ്. എന്നാൽ നയൻസിന്റെ ആരാധകർ ഇതിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി. 

നീണ്ട വ്രതമെടുത്താണ് നയൻതാര മൂക്കുത്തി അമ്മനാകാൻ തയ്യാറെടുത്തത്. ദേവീ വേഷത്തിൽ താരമെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആർ. ജെ ബാലാജിയാണ്. ദേവീവേഷം ചെയ്യുന്നതിന് മുന്നോടിയായി താരം സസ്യാഹാരി ആയതും 40 ദിവസത്തെ വ്രതമെടുത്തതും നേരത്തേ വാർത്തയായിരുന്നു.