അശ്വതി നമ്പ്യാർ കോമയിലാണ്; ഇടവേള ബാബുവിന്റെ ന്യായീകരണവും തെറ്റ്: വിമർശനം

അമ്മ നിർമിക്കുന്ന ട്വിന്റി–ട്വിന്റി മോഡൽ സിനിമയിൽ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നൽകിയ ഉത്തരം കൂടുതൽ വിവാദത്തിലേക്ക്. അമ്മ ഒരുക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി ആയിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയിൽ ഉണ്ടാകില്ലെന്നുമായിരുന്നു മറുപടി.  

ഇടവേള ബാബു നടത്തിയ പ്രസ്താവന തുടർന്ന് അമ്മയിലെ അംഗത്വം രാജി വെച്ചു കൊണ്ട് നടി പാർവതി ഇടവേള ബാബുവിനെതിരെ തുറന്നടിച്ചിരുന്നു. പിന്നാലെ വീണ്ടും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നതെന്നും അതാണ് മരിച്ചവർ എന്ന തരത്തിൽ ഉദ്ദേശിച്ചതെന്നുമാണ് ഇടവേള ബാബുവിന്റെ ന്യായീകരണം. തന്റെ പ്രസ്താവന പാർവതി തെറ്റദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ട്വന്റി ട്വന്റിയിൽ ഭാവന അവതരിപ്പിച്ച അശ്വതി നമ്പ്യാർ എന്ന കഥാപാത്രം കോമയിലാണ്. കൂടാതെ, ട്വന്റി ട്വന്റിയുെട രണ്ടാം ഭാഗമല്ല അമ്മ നിർ‌മിക്കുന്നതെന്ന ചിത്രമെന്നും വിവാദ അഭിമുഖത്തിൽ ഇടവേള ബാബു പറയുന്നുണ്ട്. വിവാദ അഭിമുഖത്തിനും വിശദീകരണത്തിനും പിന്നാലെ വലിയ വിമർശനമാണ് താരത്തിനു നേരെ ഉയരുന്നത്.