സല്മാൻ ഖാൻ ബോളിവുഡിലെത്തിയിട്ട് മുപ്പത് വർഷത്തിലേറെയായി. സൽമാനൊടൊപ്പം പല നടിമാരുടെയും പേജുകള്‍ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. പക്ഷേ, അതൊക്കെ ഗോസിപ്പുകള്‍ മാത്രമായി അവസാനിച്ചു. എന്നാണ് വിവാഹമെന്ന് വർഷങ്ങളായി അദ്ദേഹത്തോട് ആരാധകർ ചോദിക്കുന്ന ചോദ്യമാണ്. ഇപ്പോൾ ആ ചോദ്യം സൽമാൻ നേരിട്ട് ചോദിച്ചിരിക്കുകയാണ്, ഒരു ജ്യോത്സ്യനോട്.
ബിഗ് ബോസ് സീസൺ 14ന്റെ വേദിയിലായിരുന്നു സംഭവം അരങ്ങേറിയത്. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ ആയിരുന്നു മത്സരാർഥികളിലൊരാൾ. ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാർദൻ പ്രവചിച്ചിരുന്നു. അത് ഓർമിച്ചുകൊണ്ടായിരുന്നു ചോദ്യം: '''ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?'
''തീർച്ചയായും ഇല്ല'' എന്നായിരുന്നു ജോത്സ്യന്റെ മറുപടി. ''വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'' എന്നാണ് സൽമാൻ ചിരിച്ചുകൊണ്ടു പറഞ്ഞത്.