ആരാധന അർത്ഥശൂന്യമായ മരണം; സിൽക്കിന്റെ ഓർമകൾക്ക് 24 വയസ്സ്

ഇന്ന് സിൽക്ക് സ്മിതയുടെ 24ാം ചരമവാർഷികം. ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്്. കൗമാരമെത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. 1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ 

വിജയലക്ഷ്മി സിനിമയിലെത്തിയത്. വശ്യമായ കണ്ണുകളും ആരെയും ആകർഷിക്കുന്ന ശരീരവടിവുകളും സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് അവരെ എത്തിച്ചത്.

1979ലെ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രത്തിലൂടെ അവർ സിൽക്ക് സ്മിതയായി മാറി. സിലുക്ക് സിലുക്ക് സിലുക്ക് എന്ന പടം കൂടിയായപ്പോൾ സെക്സ് ബോംബ് എന്ന് ടൈപ്പ് ചെയ്യപ്പെട്ട് സിൽക്ക് എന്ന പേരുറച്ചു. 1980കളിൽ ഇത്തരം വേഷങ്ങളിൽ തിരക്കേറിയ നടിയായി മാറിയ 

സിൽക്ക് തമിഴ് തെലുങ്ക് കന്നഡ, മലയാളം. ഇതിനൊക്കെ പുറമെ ബോളിവുഡിലും വരവറിയിച്ചു. ദക്ഷിണേന്ത്യയിലെ മസാല പടങ്ങളിലെ മാദകറാണിയായി മാറിയ സിൽക്കിന്റെ ഐറ്റം ഡാൻസില്ലാതെ ഒരു ചിത്രവും തിയേറ്റർ കാണില്ലെന്ന സ്ഥിതിയായിരുന്നു അന്ന്. കൗമാരത്തെയും യുവത്വത്തെയും ഹരം കൊള്ളിച്ച സിൽക്കിന്റെ ആട്ടവും പാട്ടും പടവും കാണാൻ എല്ലാ പ്രായവും തിയേറ്ററിലെത്തി. ആ തിളക്കത്തിലും സ്മിതയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. 

സൂപ്പർനടിമാരേക്കാൾ ഡിമാൻഡുള്ള നല്ല നടിയായി മാറി സിൽക്ക് സ്മിത. ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റേണ്ടി വന്നു. പത്ത് വർഷം കൊണ്ട് അഞ്ഞൂറിലേറെ 

ചിത്രങ്ങളിൽ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു. പുതിയ ഗ്ലാമർ നർത്തകിമാരുടെ വരവ് സ്മിതയേ സിനിമാ നിർമ്മാണത്തിലേക്ക് കൂടി ശ്രദ്ധ തിരിപ്പിച്ചു. ആദ്യം നിർമ്മിച്ച രണ്ട് ചിത്രങ്ങളും  വമ്പൻ പരാജയങ്ങളായി. മൂന്നാമത്തെ സിനിമയിൽ പ്രതീക്ഷ വച്ചെങ്കിലും 20 കോടിയോളം രൂപ കടത്തിലായതും  

പൂർത്തിയാക്കാൻ കഴിയാഞ്ഞതും സ്മിതയെ അങ്ങേയറ്റം വേദനിപ്പിച്ചു.ബോക്സോഫീസിൽ കാര്യമായ ചലനങ്ങളുണ്ടാക്കാത്ത 'സബാഷ്' എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. പിന്നീട് വന്ന  മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായി. ഒരു യുവസംവിധായകനുമായി കാത്തു സൂക്ഷിച്ച  പ്രണയം തകർന്നതും സ്മിതയേ നിരാശയുടെ ആഴങ്ങളിലെത്തിച്ചെന്ന് റിപ്പോർട്ടുകൾ വന്നു. 

സിനിമയെന്ന ആൾക്കൂട്ടത്തിൽ സിൽക് സ്മിത തനിച്ചാവുകയായിരുന്നു. ഒരു കൂട്ടം തെന്നിന്ത്യൻ ചിത്രങ്ങളുടെ വിജയമന്ത്രവും തന്ത്രവുമായിരുന്ന താരം  ആ കൂടാരത്തിനു പുറത്തായി. വീണ്ടും തന്റെ ആദ്യകാല ജീവിതത്തിലേക്കും പട്ടിണിയിലേക്കും ചെന്നെത്തുമോ എന്ന് സ്മിത ഭയന്നു കാണും. ഒടുവിൽ 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ  അപ്പാർട്ട്മെന്റിൽ സാരിത്തുമ്പിൽ തീർത്തു ആ ജീവിതം. ഏഴിമല പൂഞ്ചോലയിൽ നിന്ന് സ്ക്രീനിൽ പൊട്ടിത്തെറി തീർത്ത 

സ്ഫടികം ഇറങ്ങി ഒരു വർഷത്തിന് ശേഷമായിരുന്നു സ്മിതയുടെ ആത്മഹത്യ.പക്ഷേ സിൽക്കിന്റെ ആകസ്മിക വേർപാടിൽ കോളിവുഡും സാൻഡൽവുഡും ടോളിവുഡും ഒന്നും കരഞ്ഞില്ല. പുഷ്പചക്രങ്ങളും കണ്ണീർ പൂക്കളും ആ   ദേഹത്തെ പൊതിഞ്ഞില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ നടന പാടവം ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലിക്കെത്തിയില്ല. മൃതശരീരം കാണാൻ തന്നെ ജനം മടിച്ച വിവേചനം.   

സിൽക് സ്മിത ജീവിച്ചിരുന്നെങ്കിൽ ഈ ഡിസംബറിൽ 60 തികഞ്ഞേനെ. ആരാധകരുടെ സിരകളെ ജരാനരകൾക്ക് വിടാതെ അതിനു മുമ്പേ ആ താരം ജ്വലിച്ചു തീർന്നു.  കരിമഷി ക്കണ്ണുകളും വന്യമായ ചിരിയും ഒരു പിടി ഓർമകളും മാത്രം ബാക്കിയാക്കി. സ്മിതയെന്ന അഭിനേത്രിയോട് കാലം നന്ദികേട് കാട്ടി. 

ജീവിതത്തിലെ ചതികളില്‍ ഇടറിവീണുപോയ ആ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം.