ഉമ്മന്‍ ചാണ്ടിക്ക് ആദരമായി ഗാനം; ആശംസകളുമായി സിനിമാലോകം

ഉള്ളുകൊണ്ട് നമ്മളെ അറിഞ്ഞിടുന്നൊരാള്

പണ്ടുതൊട്ട് നെഞ്ചിനുള്ളില്‍ കൊത്തിവച്ച പേര്....

നെഞ്ചില്‍തൊടുന്ന പാട്ടുമായി ഉമ്മന്‍ചാണ്ടിക്ക് ആദരമര്‍പ്പിക്കുകയാണ് ഒരുകൂട്ടം സിനിമാപ്രവര്‍ത്തകര്‍. നിര്‍മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ് പാട്ട് തയ്യാറാക്കിയത്. ബിജിബാലിന്റെ സംഗീതത്തിന് വരികളെഴുതിയത് ബി.കെ. ഹരിനാരായണനാണ്. പാടിയത് സുദീപ് കുമാറും. ജിസ് ജോയ് ആണ് മേല്‍നോട്ടം വഹിച്ചത്. നിയമസഭാ അംഗത്വത്തിന്റെ അന്‍പതാണ്ട് തികച്ച ഉമ്മന്‍ ചാണ്ടിയുടെ ജീവിതചിത്രങ്ങളാണ് പാട്ടില്‍ തെളിയുന്നത്. 

ഷാഫി പറമ്പില്‍ എം.എല്‍.എ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പ്രകാശനം ചെയ്തത്. മമ്മൂട്ടി, മഞ്ജു വാരിയര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവീനോ, രണ്‍ജി പണിക്കര്‍, തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് ആശംസകളുമായി വിഡിയോയില്‍ എത്തുന്നുണ്ട്.