ജന്റിൽമാന് രണ്ടാംഭാഗം; ബ്രഹ്മാണ്ഡചിത്രവുമായി കെ.ടി കുഞ്ഞുമോൻ വീണ്ടും

ഒരു കാലത്തെ തമിഴ് സിനിമാ ലോകത്തെ ട്രെൻഡ് മേക്കറായിരുന്ന കെ.ടി കുഞ്ഞുമോൻ ദീർഘകാലത്തിനു ശേഷം വീണ്ടും സിനിമ നിർമ്മിക്കുന്നു. 93-ലെ സൂപ്പർ ഹിറ്റ് ചിത്രം ജൻ്റിൽമാന്റെ രണ്ടാം പതിപ്പിന്റെ ഷൂട്ട് അടുത്ത ഫ്രെബ്രുവരിയിൽ തുടങ്ങും.

എ .ആർ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ മികവിനെ ലോകത്തെ അറിയിച്ച സിനിമകളിൽ  ഒന്ന്. ശങ്കർ എന്ന ചെറുപ്പക്കാരന്റെ സംവിധാന മികവ് കോളിവുഡിൽ പരിചയപ്പെടുത്തിയതും ജന്റിൽമാന്‍ ആയിരുന്നു. ആധുനിക ഗ്രാഫിക്സ്, അനിമേഷൻ സാധ്യതകൾ  ഉപയോഗപ്പെടുത്തി  പണം  എറിഞ്ഞു പണം വാരിയ സിനിമ നിർമ്മിച്ചത് മലയാളിയായ കെ.ടി കുഞ്ഞുമോൻ ആയിരുന്നു. പണം മുടക്കിയ വസന്ത കാല പറവൈ, സൂര്യൻ, കാതലൻ തുടങ്ങി മിക്കവയും സൂപ്പർഹിറ്റ് മുൻനിര താരങ്ങളില്ലാതെ പടം നിർമിച്ചു വിജയിപ്പിക്കാം എന്നു കോളിവുഡിനു കാണിച്ചുകൊടുത്ത നിർമാതാവ് പക്ഷെ രണ്ടായിരത്തോടെ പതുക്കെ ഉൾവലിഞ്ഞു. 93 ൽ തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമക്ക് രണ്ടാം ഭാഗമായിട്ടാണ് മടങ്ങിവരവ്. കഥയും തിരക്കഥയും  പൂർത്തിയായി. താരങ്ങളുടെ കാസ്റ്റിംഗ് പൂർത്തിയായാൽ ഫെബ്രുവരിയിൽ ഷൂട്ട് തുടങ്ങും. 

സംവിധായകനായി ശങ്കർ  ഉണ്ടാവില്ലെന്നുറപ്പാണ്. എ.ആർ റഹ്‌മാന്റെ  മാന്ത്രിക സംഗീതം ജന്റിൽ മാൻ ടു വിൽ ഉണ്ടെന്നാണ് സൂചന. ജന്റിൽ മാൻ  ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമ തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി പുറത്തിറങ്ങും. ജന്റിൽ മാൻ, വസന്ത കാല പാറവെ, സൂര്യൻ, കാതലൻ, കാതലിന് ദേശം, രക്ഷകൻ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമിച്ച കുഞ്ഞിമോന് പുതിയ കാലത്തെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിയുമോയെന്നറിയാനാണ് തമിഴ് സിനിമ പ്രേമികൾ കൗതുകത്തോടെ കാത്തിരിക്കുന്നത്.