അത് ആത്മഹത്യയോ എന്നറിയില്ല; ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരും: സൂരജ് പഞ്ചോളി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഹിന്ദി സിനിമ ലോകത്ത് ഇപ്പോൾ കോളിളക്കം സൃഷ്ടിക്കുകയാണ്. താരത്തിന്റെ ആത്മഹത്യയിൽ ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. യുവനടൻ സൂരജ് പഞ്ചോളിയുടെ പേരാണ് അക്കൂട്ടത്തിലൊന്ന്. സൂരജിന്റെ വീട്ടിൽ സുശാന്തിന്റെ മരണത്തിന് മുമ്പ് നടന്ന പാർട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ സൂരജ് ആദ്യമായി ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചിരിക്കുകയാണ്. 

സൂരജിന്റെ വാക്കുകൾ: ഞാൻ ഇപ്പോൾ വളരെ പോസിറ്റാവായി ഇരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാനിത് എന്റെ കുടുംബവുമായി ചർച്ച ചെയ്യുന്നില്ല. കാരണം അവർ ഇപ്പോൾ തന്നെ എന്നെ ഓർത്ത് തകർന്നിരിക്കുകയാണ്. എന്നെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത. ഞാൻ എന്നെ തന്നെ ദ്രോഹിക്കുമോ എന്നാണ് എന്റെ അമ്മ കരുതുന്നത്. അമ്മ എന്നോട് ഇതിനെക്കുറിച്ച് രണ്ട് തവണ സംസാരിക്കുകയും ചെയ്തു. നിന്റെ മനസ്സിലുള്ളത് എന്താണെങ്കലും ഞങ്ങളോട് തുറന്നു പറയു, ഇങ്ങനെ നിശബ്ദനായി ഇരിക്കരുത് എന്നാണ് അമ്മ പറയുന്നത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ പൊതുവേ ഞാൻ അധികം സംസാരിക്കാറില്ല. 

ഞാന്‍ സിനിമ ഇൻഡസ്ട്രിയിൽ എന്റെ ജീവിതം പടുത്തുയർത്താനാണ് ശ്രമിക്കുന്നത്. അതെന്തായാലും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല.  കാരണം അതാണ് എന്റെ സ്വപ്നം. അതിനായി കഠിനമായി പ്രയത്നിക്കുന്നുമുണ്ട്. ആളുകള്‍ കരുതുന്നത് ഞാൻ പെട്ടെന്നൊരു ദിവസം കിടക്കയിൽ നിന്ന് എഴുന്നേറ്റ് സിനിമാ സെറ്റിലെത്തിയ ആളാണെന്നാണ്. എന്നാല്‍ സത്യം അങ്ങനെയല്ല. നന്നായി പ്രയത്നിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെ സഹസംവിധായകനായാണ് തുടക്കം. ഞാൻ അഭിനയം പഠിച്ചതാണ്. അതിൽ എനിക്ക് ബിരുദവും ഉണ്ട്. ആദ്യമായി സിനിമ ചെയ്യാൻ ഞാൻ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്തു. സിനിമ എനിക്ക് അഭിനിവേശമാണ്. 

എന്നെക്കുറിച്ച് മോശമായി പലരും സംസാരിക്കുന്നു. അതിൽ എന്തെങ്കിലും അർഥമുണ്ടോ? അവർ അൽപ്പമങ്കിലും വിവേകവും മനുഷ്യത്വവും കാണിക്കണം. കാരണം അവര്‍ എന്റെ ജീവിതം നശിപ്പിക്കുകയാണ്. സുശാന്ത് ആത്മഹത്യ ചെയ്തതാണോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, ഈ ആളുകൾ എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും. അതാണിപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സൂരജ് വ്യക്തമാക്കുന്നു.