മണിയുടെ ആദ്യ അഭിമുഖം; അപൂര്‍വ വിഡിയോ; കണ്ടാല്‍ ചങ്കുതകരുമെന്നു സഹോദരന്‍

ഇന്നും ആ മുഖം ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെ ചുണ്ടിലും ഒരു ചിരി വരും. തൊട്ടു പിന്നാലെ ആ ചിരി നൊമ്പരമായി മാറും. ഹാസ്യതാരമായും നായകനായും പ്രതിനായകനായും ഒരു കാലത്തു മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കലാഭവന്‍ മണി ഓര്‍മകളുടെ റീലുകളില്‍ ഇന്നും മറയാതെ നില്‍ക്കുന്നു. 

മണിയുടെ നിരവധി അഭിമുഖങ്ങള്‍ ഇന്നു സോഷ്യല്‍മീഡിയയിലും യൂ ട്യൂബിലും ലഭ്യമാണ്. എന്നാല്‍ താരത്തിന്റെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്തു വിട്ടിരിക്കുകയാണ് സഹോദരന്‍ ആർ.എൽ.വി. രാമകൃഷ്ണന്‍. 1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ വെച്ച് കലാഭവൻ മണിയുമായി നടത്തിയ അഭിമുഖമാണ് ഇത്. മണിയുടെ കലാജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഈ വിഡിയോ കണ്ടാൽ ചങ്ക് തകർന്നുപോകുമെന്ന് രാമകൃഷ്ണൻ കുറിക്കുന്നു

ആർ.എൽ.വി. രാമകൃഷ്ണന്റെ വാക്കുകൾ: ‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും.നന്ദി ഡിക്സൺ’.

കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു. സ്പോര്‍ട്സില്‍ ആയിരുന്നു താന്‍ ആദ്യം തിളങ്ങിയത്. പിന്നെ മോണോ ആക്ടും പാട്ടും മിമിക്രിയും വഴങ്ങുമെന്നു തോന്നി. തുടക്കക്കാരോടു തനിക്കു പറയാനുള്ളത് കഠിനാധ്വാനം ചെയ്യണമെന്നാണ്. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല . ബുദ്ധിമുട്ടാണ്. ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ്. പല മികിക്രി ഇനങ്ങളിലും ഒരു ഗുണപാഠം കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നു കലാഭവന്‍ മണി പറയുന്നുണ്ട്. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. ഹോം സിനിമകളിലൂടെ പ്രശസ്തനായ സലാം കൊടിയത്തൂരിന്‍റെ 'പരേതന്‍ തിരിച്ചുവരുന്നു' എന്ന ചിത്രത്തിലും ഏ.വി.എം ഉണ്ണി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.