മതം നോക്കി ചിലർ സൗഹൃദം നിർത്തി; രാജ്യവിരുദ്ധനാക്കിയാൽ മൂക്ക് തകർക്കും

മതത്തിന്റെ പേരിലുള്ള വേർതിരിവുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഇർഫാൻ ഖാന്റെ മകൻ ബബിൽ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ബബിൽ തന്റെ സങ്കടവും രോഷവും തുറന്ന് പറഞ്ഞത്. പേരിലെ വാൽ കൊണ്ട് മതം തിരിച്ചറിഞ്ഞ് സൗഹൃദം അവസാനിപ്പിച്ച് പോയവരുണ്ടെന്നും തനിക്കും രാജ്യത്തെ മറ്റുള്ളവരെ പോലെ മനുഷ്യനായി ജീവിക്കണമെന്നും ബബിൽ വ്യക്തമാക്കുന്നു. 

മതേതര ഇന്ത്യയുടെ മാറ്റം പേടിപ്പെടുത്തുന്നു.സ്വതന്ത്രമായി സംസാരിക്കാൻ പോലും പറ്റുന്നില്ല. എന്തെങ്കിലും പറഞ്ഞുപോയാൽ കരിയറിനെ ബാധിക്കുമെന്നാണ് കൂടെയുള്ളവർ പറയുന്നത്. മതത്തിന്റെ പേരിൽ വിലയിരുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താൻ ഒരു മതമല്ലെന്നും ബബിൽ വ്യക്തമാക്കുന്നു. 

ഓരോ തവണയും ലണ്ടനില്‍ നിന്ന് തിരിച്ചു വരാനും വീട്ടിലേക്ക് റിക്ഷയിൽ വരാനും യാത്ര ആസ്വദിക്കാനുമെല്ലാമാണ് താൻ ആഗ്രഹിച്ചിരുന്നത്. ദേശവിരുദ്ധനെന്ന് മുദ്രകുത്താനാണ് ശ്രമമെങ്കിൽ താനൊരു ബോക്സറാണെന്നും ഇടിച്ച് മൂക്ക് തകർക്കുമെന്നും ബബിൽ കുറിച്ചു. മതത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെയെല്ലാം താൻ സ്നേഹിക്കുന്നുവെന്നും ബബിൽ വ്യക്തമാക്കുന്നു.