ബാലാ, നീയും നിന്റെ സംഗീതവും എന്നും ഒപ്പമുണ്ട്; നൊമ്പരത്തോടെ ശിവമണി

അകാലത്തിൽ അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന് പിറന്നാൾ ആശംസകൾ നേർന്ന് ശിവമണി. ബാലഭാസ്കറിനൊപ്പം സുഹൃത്തുക്കളുമായി ഇരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശിവമണിയുടെ കുറിപ്പ്. ബാലുവും അദ്ദേഹത്തിന്റെ ഓർമകളും സംഗീതവും എക്കാലവും കൂടെയുണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു.

'എനിക്കേറെ പ്രിയപ്പെട്ട ബാലാ, ഈ പിറന്നാളിൽ നിന്നെ കുറിച്ചോർക്കുകയാണ്. നീയും നിന്റെ സംഗീതവും എന്റെ ജീവിതത്തിലെയും സംഗീത വഴിയിലെയും മറക്കാനാവാത്ത ഭാഗമാണ്.  എവിടെ ആയിരുന്നാലും സന്തോഷത്തോടും സമാധാനത്തോടും കൂടെയിരിക്കൂ. പിറന്നാൾ ആശംസകൾ. നിന്റെ ഡ്രീം ബാൻഡായ ബിഗ്ബാൻഡ് സജീവമാണിന്നും. നിന്റെ ഓർമകളെ ചേർത്ത് പിടിച്ച് ബിഗ്ബാൻഡ് മുന്നോട്ട് പോകും.'

നിരവധി ആരാധകരാണ് ശിവമണിയുടെ പോസ്റ്റിന് താഴെ ബാലഭാസ്കറിന് ആശംസകൾ നേർന്നത്. കണ്ണീരണിഞ്ഞായിരുന്നു ബാലുവിന്റെ ഉറ്റസുഹൃത്തായ സ്റ്റീഫൻ ദേവസിയുടെ ആശംസാ വിഡിയോ.