‘ഷഹീദ് വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി.ടിയും‍; ‘വിവാദം ചരിത്രം അറിയാതെ’

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമ വലിയ ചർച്ചയാവുകയാണ്. എന്നാൽ അതിന് പിന്നാലെ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദും അതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചു. ഇതോടെ മലബാർ കലാപത്തിന്റെ നായകൻ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന രണ്ടു സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ കുറിച്ച്  പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു.

‘വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂർത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ‍ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മൽസരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെ.

അവിടെ പൃഥ്വിയാണ് നായകൻ, ഇവിടെ?

ഒരു താരത്തിന്റെ പേര് പറയാൻ ആയിട്ടില്ല. രണ്ടുപേരുണ്ട് മനസിൽ. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ മുഖത്തോട് സാമ്യമുള്ള ഒരാളാവണം എന്നുണ്ട്. ഒരു താരത്തിന്റെ പേര് പറയാൻ ഇപ്പോൾ കഴിയില്ല.  'ഷഹീദ് വാരിയംകുന്നന്‍' എന്നാണ് എന്റെ സിനിമയുടെ പേര്.

ഉയരുന്ന വിവാദങ്ങൾ ശ്രദ്ധിച്ചോ?

ചരിത്രം അറിയാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ധീരനായ നായകനാണ്. ഹിന്ദുവിരുദ്ധനൊന്നുമല്ല അദ്ദേഹം. ആനക്കയത്ത് നിന്ന് മഞ്ചേരിക്ക് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി ഒരു ജാഥ നടത്തുന്നുണ്ട്. 500 പേരോളം ആ ജാഥയിലുണ്ടായിരുന്നു. അതിൽ നൂറിലേറെ പേർ ഹിന്ദുക്കളായിരുന്നു. ചരിത്രം അറിയാത്തവർ വിവാദമുണ്ടാക്കും. 

ഞാൻ അതു ശ്രദ്ധിക്കുന്നില്ല. എന്റെ ‘ഷഹീദ് വാരിയംകുന്നൻ’ എന്ന സിനിമയുമായി ഞാൻ മുന്നോട്ടുതന്നെ പോകും.’ പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു.

ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി?; എം.എൻ.കാരശ്ശേരി പറയുന്നു