കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം; ബജ്‍റംഗ്ദള്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ട്

കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഒട്ടേറെ താരങ്ങളും സംവിധായകരും രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിച്ചത്. ‘അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ..’ സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതിനാെപ്പം കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്കിൽ കുറിച്ച ഒറ്റവരി ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 

‘കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷറഫുദ്ദീന്റെ കുറിപ്പ് ഇങ്ങനെ: ‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ..ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ? നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ്. ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും. ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് .അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു. വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ. ഞാൻ പ്രാർത്ഥിക്കാം. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം’ അദ്ദേഹം കുറിച്ചു.  

അതേസമയം മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്ട്രീയബജ്‍റംഗ് ദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ ആണ് അറസ്റ്റിലായത്. വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കാലടി ശിവരാത്രി ആഘോഷ സമിതി യുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറൽ എഎസ്പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു 

അതേസമയം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ സിനിമ സെറ്റ് തകർത്തതിനെതിരെ കാലടി ശിവരാത്രി ആഘോഷ സമിതി രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ വർഗീയ ശക്തികളാണ്. മണപ്പുറത്തു പള്ളിയുടെ മാതൃകയിൽ സിനിമ സെറ്റ് നിർമിക്കാൻ അനുമതി കൊടുത്തിരുന്നതായും സമിതി വ്യക്തമാക്കി. ഷൂട്ടിങ് മുടങ്ങിയതിനാൽ ഉടൻ സെറ്റ് പൊളിച്ചു നീക്കം എന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.