അന്ന് പുല്ലുമേഞ്ഞ വീട്; ഇത് സ്വപ്നവീട്; കോവിഡ് നീട്ടിയ ഗൃഹപ്രവേശം

കൊവിഡ് ആഗോളതലത്തിൽ എല്ലാ മേഖലയേയും ഒരേ പോലെ തളർത്തിയിരിക്കുകയാണ്. വൻകിട ചെറുകിട ഭേദമന്യേ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ വ്യക്തിപരമായ സന്തോഷങ്ങളും കൊറോണകാരണം നഷ്ടമായിരിക്കുകയാണ്. കൊറോണ വില്ലനായതോടെ നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിയ്ക്കും തന്റെ സ്വപ്നവീടിന്റെ പാലുകാച്ചൽ മാറ്റിവെയ്ക്കേണ്ടി വന്നു. കൊറോണ എങ്ങനെയൊക്കെ കലാകാരന്മാരുടെ ജീവിതത്തെ ബാധിച്ചുവെന്നും വ്യക്തിപരമായ നഷ്ടത്തെക്കുറിച്ചും ബിനു അടിമാലി മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

ഒമ്പത് വർഷമായി ഞാൻ കൊച്ചിയിലേക്ക് മാറിയിട്ട്. ഇത്രകാലത്തെ അധ്വാനത്തിന്റെ ഫലമാണ് ആലുവയിൽ പണിപൂർത്തിയായ വീട്. ഈ മാസം പാലുകാച്ചൽ നടത്തേണ്ടതായിരുന്നു. അത് മാറ്റിവെയ്ക്കേണ്ടി വന്നു. ഇപ്പോൾ താമസിക്കുന്നത് വാടകവീട്ടിലാണ്. അടിമാലിയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ വീട് പുല്ലുമേഞ്ഞതായിരുന്നു. കുറച്ച് പറമ്പുണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന ആദായമായിരുന്നു വരുമാന മാർഗം. പിന്നെ പെയ്ന്റ് പണിക്ക് പോകുമായിരുന്നു. ചാനലിൽ സജീവമായ ശേഷം അത് നിർത്തി. 

ലോണെടുത്തിട്ടാണ് അഞ്ച് സെന്റ് സ്ഥലത്ത് പുതിയ വീടുപണിതത്.  മൂന്നുമാസത്തെ ഇഎംഐ പിടിക്കില്ലെന്ന് പറഞ്ഞെങ്കിലും ഒരു മാസത്തെ ഇഎംഐ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ബാങ്ക് പിടിച്ചിട്ടുണ്ട്. ഇനി വണ്ടിയുടേത് പിടിക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഈ കടന്നുപോകുന്നത് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും മാസമാണ്. അവധിക്കാലവുമാണ്. ഈ സമയത്ത് ഒരുപാട് ഷോകളും വിദേശത്ത് പരിപാടികളുമുണ്ടായിരുന്നു. അതെല്ലാം റദ്ദാക്കി. ആഘോഷങ്ങളും ഉത്സവങ്ങളും വേണ്ടെന്ന് വെയ്ക്കുമ്പോൾ ഇല്ലാതാകുന്നത് ഒരുപാട് പേരുടെ ജീവിതമാർഗം കൂടിയാണ്. നമ്മൾ നേരിടുന്നത് ഒരു മഹാമാരിയാണെന്ന് അറിയാതെയല്ല. പക്ഷെ ഈ ഉത്സവങ്ങളെയും ആഘോഷങ്ങളെയും ആശ്രയിച്ച് ജീവിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ പരിതാപകരമാണ്. പലർക്കും കഞ്ഞികുടിക്കാനുള്ള വകപോലുമില്ല. ഇനി അടുത്തവർഷമേ പരിപാടികൾ നടക്കൂ. അതുവരെ അവരും കുടുംബവും എങ്ങനെ ജീവിക്കുമെന്നുള്ളത് ചോദ്യചിഹ്നമാണ്. കഴിഞ്ഞവർഷം പ്രളയം കാരണം ആഘോഷങ്ങൾ ഇല്ലായിരുന്നു. കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് പലരും ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. 

ഞാനാണെങ്കിലും ഇത്രയും നാളും വീട്ടിലിരിക്കുന്നത് ഇതാദ്യമായിട്ടാണ്. ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് തന്നെയാണ് സ്വന്തം വീടും. ഇടയ്ക്ക് വീടുപോയി നോക്കും. പിന്നെ ഭാര്യയെ സഹായിക്കും. ഈ ദുരിതകാലം തീരുമ്പോൾ അവതരിപ്പിക്കാനുള്ള ഷോയ്ക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റ് എഴുതും. അങ്ങനെയൊക്കെയാണ് സമയം കളയുന്നത്. എല്ലാം ശരിയായി വീണ്ടും ജീവിതം പഴയപോലെയാകുന്നത് കാത്തിരിക്കുകയാണ്. - ബിനു അടിമാലി പറഞ്ഞു.