ചിലർ കല്ലുകൾ വലിച്ചെറിയും; നദി യാത്ര തുടരും: വിജയിയുടെ മാസ് പ്രസംഗം: വിഡിയോ

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും അതിനുശേഷമുള്ള ക്ലീൻ ചിറ്റിനും ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണ് മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ച്. കൊറോണ ഭീഷണിയുള്ളതിനാൽ ആരാധകർക്ക് നടുവിലുള്ള പതിവ് ഓഡിയോ ലോഞ്ചിങ് ആയിരുന്നില്ല ഇത്തവണ. ഹോട്ടലിൽ നടത്തിയ പരിപാടിയിൽ റെയിഡിനെക്കുറിച്ചും ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയും വിജയ് ഒളിയമ്പെയ്തു. ബിഗിലിന്റെ ഓഡിയോ ലോഞ്ച് മുതൽ  കണ്ടുപരിചയിച്ച മൗനിയായ വിജയിയെ അല്ല കാണുന്നത്. മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ചിലും നിലപാടുകളിൽ നിന്നും അൽപം പോലും വിജയ് വ്യതിചലിച്ചിട്ടില്ല.

പ്രസംഗത്തിന് മുന്നോടിയായി പുതിയ ചിത്രത്തിലെ ഗാനത്തിന് അദ്ദേഹം ചുവടുവെച്ചു. സിനിമയിൽ സഹകരിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞു. പതിഞ്ഞ സ്വരത്തിൽ തുടങ്ങി മാസ് ഡയലോഗിലേക്ക് കടക്കുന്ന വിജയ് ചിത്രങ്ങളുടെ അതേ സ്റ്റൈലായിരുന്നു ഓഡിയോ ലോഞ്ചിലെ പ്രസംഗവും. തന്റെ തന്നെ ചിത്രമായ അഴകിയ തമിഴ് മകനിലെ " എല്ലാ പുകഴും ഒരുവൻ ഒരുവനുക്ക്, നീ നദീപോലെ ഓടികൊണ്ടിട്" എന്ന ഗാനത്തിന്റെ വരികൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു വിജയിയുടെ മറുപടി. ഒരു നദി അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും ഒഴുകി വരുമ്പോൾ ചിലർ ആരതിയുഴിഞ്ഞ് അതിനെ വണങ്ങും, ചിലർ പൂക്കൾ എന്നാൽ എന്നാൽ എതിരാളികളായ ചിലർ കല്ലുകൾ വലിച്ചെറിയും. ഈ പൂക്കളെയും കല്ലുകളെയും ഒരുപോലെ സ്വീകരിച്ചുകൊണ്ട് നദി അതിന്റെ യാത്ര തുടരും. കല്ലുകളെ നദിയുടെ അടിത്തട്ടിലേക്ക് താഴ്ത്തും. നമ്മളും അതുപോലെ തന്നെയാകണം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക. എതിരാളികളെ വിജയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നും വിജയ് പറഞ്ഞു. 

ഇപ്പോഴത്തെ ദളപതി ഇരുപത് വർഷം മുൻപുള്ള ഇളയ ദളപതിയോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോൾ, റെയിഡൊന്നും ഇല്ലാത്ത സമാധാനം നിറഞ്ഞ ആ പഴയ കാലം എനിക്ക് തിരിച്ച് തരാൻ പറയും എന്നായിരുന്നു മറുപടി. "ഉൺമയായിരിക്കണോന്നാൽ ചിലനേരത്ത് ഊമയായിരക്ക വേണം" (സത്യസന്ധനായിരിക്കണമെങ്കിൽ ചില നേരത്ത് നിശബ്ദനായിരിക്കണം) എന്ന പഞ്ച് ഡയലോഗോടെയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. വിജയിക്ക് ഒരു പ്രശ്നം വന്നപ്പോൾ കൂട്ടമായി എത്തിയ ആരാധകരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ "നീങ്ക വേറെ ലെവൽ നൻപാ" എന്ന സ്വന്തം ചിത്രത്തിലെ ഡയലോഗ് തന്നെയാണ് വിജയ് പറഞ്ഞത്.