അനുഷ്ക ഷെട്ടിക്ക് വിവാഹം?; വരൻ സംവിധായകനെന്ന് റിപ്പോർട്ട്

അനുഷ്ക–പ്രഭാസ് വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് അവസാനമായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ. ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബാഹുബലി പ്രഭാസുമായും   ഒരു ക്രിക്കറ്റ് താരത്തെ ചേർത്തും അനുഷ്ക ഷെട്ടിയുടെ പേരിൽ നിരവധി ഗോസിപ്പുകൾ നേരത്തേ പ്രചരിച്ചിരുന്നു.

മുതിർന്ന സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിപ്പോർട്ടുകളോട് അനുഷ്കയോ പ്രകാശോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2004ൽ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ്  പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലും അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച് പ്രവർത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നു

പ്രശസ്ത ബോളിവുഡ് എഴുത്തുകാരിയായ കനിക ധില്ലനെ വിവാഹം കഴിച്ച പ്രകാശ് രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഏതായാലും പ്രഭാസ്–അനുഷ്ക വിവാഹം സ്വപ്നം കണ്ട ആരാധകർക്ക് അൽപം സങ്കടമുളവാക്കുന്നതാണ് പുതിയ വാർത്ത.