ഏഷ്യൻ മണ്ണിലേക്കിറങ്ങി ഓസ്കർ; പാരസൈറ്റിന്റെ നേട്ടം ഇതിഹാസതുല്യം

ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ പാര്‍ത്ത ഓസ്കറിന്‍റെ ഇറങ്ങിനടത്തത്തിന് കൂടിയാണ് ഇക്കുറി ലോകം സാക്ഷിയായത്. ഏഷ്യന്‍ ചിത്രമായ പാരസൈറ്റിന്‍റെ ജയഭേരി സിനിമയുടെ മറ്റ് വന്‍കരകള്‍ക്ക് ഊര്‍ജവും ഉല്‍സാഹവും പകരുമെന്നുറപ്പ്. 

കറുത്ത ഹാസ്യത്തില്‍ അയത്നലളിതമായി ജീവിതവും രാഷ്ട്രീയവും പറഞ്ഞ ദക്ഷിണ കൊറിയന്‍ ചിത്രം. അണിയറക്കാരെ വരെ അമ്പരപ്പിച്ച് ഓസ്കര്‍ രാവില്‍ ലോകസിനിമയുടെ നെറുകയിലേക്ക് കൊടിയേറ്റം.

ഏഷ്യന്‍ അഭിനേതാക്കള്‍ അഭിനയിച്ച തനി ദക്ഷിണ കൊറിയന്‍ ചിത്രം. മികച്ച സിനിമയ്ക്കായുള്ള ഓസ്കറിനായി മുന്‍പ് മാറ്റുരച്ചത് ഇംഗ്ലീഷ് സംസാരിക്കാത്ത 11 സിനിമകള്‍ മാത്രം. അതില്‍ സ്വപ്നതുല്യനേട്ടം പാരസൈറ്റിന്. അതും ഇതിഹാസ തുല്യരോട് മല്‍സരിച്ച്. 

പതിറ്റാണ്ടുകളായി കേട്ടുതഴമ്പിച്ച വിമര്‍ശനങ്ങള്‍ കൂടി അക്കാദമി തിരുത്തുകയാണ് ഈ ചരിത്രനിമിഷത്തില്‍. ലോകസിനിമയെന്നാല്‍ ഹോളിവുഡ്–ബ്രിട്ടീഷ് സിനിമകളെന്ന പൊതുബോധങ്ങള്‍ ഉടയുമ്പോള്‍, അത് ഏഷ്യന്‍ സിനിമയ്ക്ക് സമ്മാനിക്കുന്നത് പുതിയ കരുത്ത്.