നാലുനാൾ: 400 എക്സ്ട്രാ ഷോസ്; മമ്മൂട്ടിയുടെ ഷൈലോക്ക് കുതിപ്പ്; പാട്ടുമെത്തി

തിയറ്ററിൽ ജനപ്രളയം തീർത്ത് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്. ആദ്യ ദിനം ലഭിച്ച ഗംഭീര അഭിപ്രായം ചിത്രത്തിന് മുതൽക്കൂട്ടാവുകയാണ്. എല്ലാ ഷോയും ഹൗസ് ഫുള്ളായി മുന്നേറുമ്പോൾ ചിത്രത്തിലെ ഒരു ഗാനവും അണിയറക്കാർ പുറത്തുവിട്ടു. നാലു ദിവസത്തിനുള്ളിൽ 400 അധിക ഷോകളും ഷൈലോക്ക് നിറഞ്ഞു എന്നത് സമീപകാലത്ത് കേട്ടുകേൾവി ഇല്ലാത്ത ചരിത്രമാണ്. ആദ്യ ദിനം 110 അധിക പ്രദർശനങ്ങളാണ് ഉണ്ടായത്. രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 അധിക പ്രദർശനങ്ങളും ഷൈലോക്ക് നേടി. 

മമ്മൂട്ടിയുടെ വൺമാൻ ഷോ എന്ന് ആരാധകരും ഇതിനോടകം വിധിയെഴുതി കഴിഞ്ഞു. കലക്ഷൻ റിപ്പോർട്ട് ഒൗദ്യോഗികമായി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും വമ്പൻ നേട്ടത്തിലേക്കുള്ള കുതിപ്പിലാണ് ഷൈലോക്ക് എന്ന് ജനത്തിരക്ക് വ്യക്തമാക്കുന്നു. അജയ് വാസുദേവിനൊപ്പമുള്ള മമ്മൂട്ടിയുടെ മൂന്നാംവരവ് ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. തിയറ്ററിൽ ടിക്കറ്റെടുത്ത് എത്തുന്നവരെ മാസായും കോമഡിയായും കുടുംബകഥ പറഞ്ഞും പിടിച്ചിരുത്തുകയാണ് ഷൈലോക്ക്. 

പണം കൈെകാണ്ട് തൊടാത്ത കൊള്ളപ്പലിശക്കാരൻ. സിനിമാക്കാർക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കുന്ന ബോസ്. ഇയാളെങ്ങനെ ഇങ്ങനെയായെന്ന് പറഞ്ഞ് കഥ മുന്നോട്ട് പോകുമ്പോൾ 2020ൽ മമ്മൂട്ടി അമ്പരപ്പിക്കുന്ന തുടക്കം കുറിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന രീതിയിലാണ് അജയ് കഥ പറയുന്നത്. സ്റ്റേലിഷ് ലുക്കിൽ ആരാധകർക്കായി മമ്മൂട്ടി എത്തുന്നു. അതിെനാപ്പം കുടുംബം പ്രേക്ഷകരുടെ തലയും വാലുമായി അയാൾ നിറയുന്നു. ചിരിപ്പിക്കുന്ന മമ്മൂട്ടിയെ തേടിയെത്തിയാൽ അതും ഷൈലോക്കിലുണ്ട്. മൊത്തത്തിൽ പക്കാ മാസ് പടത്തിനപ്പുറം ചേരുവകൾ നിറയുന്നു ഷൈലോക്കിൽ. 

‌രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അജയ് വാസുദേവിനൊപ്പം മമ്മൂട്ടി എത്തുന്നത്. 

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമിക്കുന്നത്.