അഭിനയിച്ച സിനിമകളിലും ഇസ്ലാമോഫോബിയ; ഖേദിക്കുന്നുവെന്ന് പാർവതി

സ്വന്തം സിനിമകളിലെ ഇസ്ലാമോഫോബിയ ഏറെ വൈകിയാണെങ്കിലും തിരിച്ചറിയുന്നുവെന്ന് നടി പാർവതി. അതിൽ താനിപ്പോൾ ഖേദിക്കുന്നുവെന്നും പാർവതി തിരവോത്ത് പറഞ്ഞു. പലതും പഠിച്ചുവരികയാണ്. അതിനാൽ ഉത്തരവാദിത്വത്തിൽ നിന്നും പിൻമാറില്ലെന്നും ഇനിയുള്ള സിനിമകളിൽ കൂടുതൽ ശ്രദ്ധപുലർത്തുമെന്നും പാർവതി വ്യക്തമാക്കി. 

കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍  പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച 'വാച്ച് ഔട്ട്  അഖില ഭാരതീയ ആൻറി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വങ്ങളെയും ഉൾക്കൊള്ളുന്നവർക്കേ ഫാഷിസത്തിനെതിരേ പോരാടാനാകൂ. എല്ലാതരം സ്വത്വങ്ങളെ കേൾക്കുകയും താദാത്മ്യപ്പെടാനും സാധിക്കണം.. അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ പാർവതി വ്യക്തമാക്കി. 

ഇസ്​ലാമോഫോബിയ മലയാളികൾക്കിടയിലുമുണ്ടെന്ന് നടി പാർവതി തിരുവോത്ത് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുറന്ന് സമ്മതിക്കാൻ ഒരിക്കലും തയ്യാറാകില്ലെങ്കിലും വലിയ അളവിൽ അതുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും പാർവതി പറഞ്ഞു. 

രാഷ്ട്രീയസംവാദങ്ങളിൽ അവ മൂടുപടം അണിഞ്ഞാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷേ ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ച് അണിഞ്ഞിരുന്ന പല മുഖംമൂടികളും ജനങ്ങൾ ഇപ്പോൾ ഉപേക്ഷിച്ചുവെന്നും കഴിഞ്ഞ വർഷം തനിക്ക് മനസിലായെന്നും അവർ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പോലെ തങ്ങളുടെ ഭയവും പക്ഷപാതിത്വവുമൊന്നും മലയാളികൾ അത്ര പെട്ടെന്ന് അംഗീകരിച്ച് തരില്ല. വ്യക്തിപരമായ തന്റെ ചിന്തകളാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.

'ഓ കേന്ദ്രസർക്കാരിനെതിരെ മാത്രമേ മിണ്ടുകയുള്ളൂെവല്ലേ. കേരളത്തിൽ എന്ത് സംഭവിച്ചാലും മൈന്റാക്കരുത് ' എന്നതരത്തിലുള്ള സന്ദേശങ്ങൾ മലയാളി വിദ്യാർഥികളിൽ നിന്നും ലഭിക്കാറുണ്ടെന്നും പാർവതി പറയുന്നു. എല്ലാത്തിലും അസ്വസ്ഥമാകുന്നവരാണ് കേരളം പലകാര്യങ്ങളിലും മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.