ദര്‍ബാര്‍ കാണാന്‍ സൗജന്യ ടിക്കറ്റും അവധിയും; ചെന്നൈയിലെ പുതിയ 'ട്രെന്‍ഡ്'

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന എ.ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാര്‍ റിലീസിന്റെ ഭാഗമായി സൗജന്യ ടിക്കറ്റും അവധിയും നല്‍കി ചെന്നൈയിലെ സ്വകാര്യ ഐ.ടി സ്ഥാപനം. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിൽ തലൈവരെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റും അവധിയും പൊങ്കല്‍ ബോണസിനൊപ്പമാണ് ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്.

രജനികാന്ത് ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന അവസരത്തില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് ചെന്നൈയില്‍ ഇപ്പോള്‍ പതിവ് സംഭവമാണ്. കബാലി, പേട്ട, കാല തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു. ജനുവരി 9 നാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്.

സ്റ്റൈലും മാസും ക്ലാസും ചേർന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.