‘മാപ്പ് അളിയാ..’; പരസ്യമായി ക്ഷമ ചോദിച്ച് മൽസരാർഥി; വിഡിയോ പങ്കുവച്ച് സുരേഷ്ഗോപി; ഹൃദ്യം

മഴവിൽ മനോരമയുടെ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ വേദി അപൂർവമായൊരു മാപ്പു പറച്ചിലിന് വേദിയായി. ശ്രീജിത്ത് എന്ന മൽസരാർഥിയാണ് ഷോയിലൂടെ സ്വന്തം അളിയനോട് മാപ്പു പറഞ്ഞത്. ‘ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ ‍ഞാനനെന്റെ അളിയനോട് സംസാരിച്ചു. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒരുപാട് സങ്കടമുണ്ട്. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആ വേദന ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഇൗ വേദിയിൽ വച്ച് എല്ലാവരുടെയും മുന്നിൽ വച്ച് ഞാനെന്റെ അളിയനോട് മാപ്പു ചോദിക്കുന്നു.’ ഇതായിരുന്നു ശ്രീജിത്ത് സുരേഷ്ഗോപിയോട് പറഞ്ഞത്.

ഉടൻ തന്നെ സുരേഷ്ഗോപി ശ്രീജിത്തിന്റെ അളിയനായ സുഭാഷിനെ ഫോണിൽ വിളിച്ചു. ശ്രീജിത്ത് പരസ്യമായി മാപ്പു പറഞ്ഞ കാര്യവും  അദ്ദേഹം സുഭാഷിനോട് പറഞ്ഞു. എന്നാൽ ഇതുകേട്ട അളിയന്റെ വാക്കുകളിങ്ങനെ.‘ പരസ്യമായി മാപ്പൊന്നും പറയേണ്ട കാര്യമില്ല, ആവശ്യമില്ല. ഒരു ചെറിയ സൗന്ദര്യ പിണക്കമേ ഉള്ളൂ. മാപ്പിന്റെ കാര്യമേ ഇവിടില്ല..’ ഒടുവിൽ ശ്രീജിത്തിനോട് ഫോണിൽ സംസാരിക്കുകയും ആശംസകൾ നേർന്നുമാണ് ഇൗ കോൾ അവസാനിച്ചത്.

‘ഒരൊറ്റ ഫോൺ കോളിൽ അലിഞ്ഞില്ലാതായ പിണക്കം.ഇത് കോടീശ്വരൻ വേദിയിലെ വിലമതിക്കുവാനാകാത്ത നിമിഷങ്ങൾ..’ എന്ന തലക്കെട്ടോടെ സുരേഷ് ഗോപി തന്നെ ഇൗ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിഡിയോ കാണാം.