വിവാഹത്തിന് പപ്പ ഇല്ലാത്തതില്‍ അവള്‍ക്ക് ദുഃഖം; ആ അനുഗ്രഹം മതി: അഭിമുഖം

‘എന്റെ മകൾ ഒരുപാട് ദുഖമനുഭവിച്ചിട്ടുണ്ട്. അവളുടെ ആ പ്രായത്തിന് താങ്ങാവുന്നതിനുമപ്പുറം അനുഭവിച്ചിട്ടുണ്ട്. ഇനിയെങ്കിലും അവൾക്ക് എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ. അതുമാത്രമാണ് എന്റെ ആഗ്രഹവും പ്രാർഥനയും..’. കല ശ്രീകുമാറിന്റെ വാക്കുകളിൽ മകൾ ശ്രീലക്ഷ്മിയോടുള്ള സ്നേഹം നിറഞ്ഞു. ഇന്നലെ ലുലു ബോൾഗാട്ടി കൺവെൻഷൻ‍ സെന്ററിൽവെച്ചായിരുന്നു ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെയും ജിജിൻ ജഹാംഗീറിന്റെയും വിവാഹം. ആഡംബരപൂർണ്ണമായ വിവാഹത്തിൽ ആദ്യാവസാനം ഒരു കുറവും വരാതെ നോക്കാൻ എല്ലായിടത്തും കലയുടെ കൈകളും എത്തിയിരുന്നു. മകളുടെ വിവാഹം നടത്തിയതിന്റെ ആത്മസംതൃപ്തി മറച്ചുവെക്കാതെ കല മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

മക്കളുടെ വിവാഹം കഴിയുന്നത് വരെ മാതാപിതാക്കളുടെ മനസിൽ ആധിയാണ്. മകളുടെ വിവാഹം ഭംഗിയായി നടന്നുകഴിഞ്ഞപ്പോൾ തോന്നിയ ആത്മസംതൃപ്തിയെക്കുറിച്ച്?

കണ്ടവരെല്ലാം പറഞ്ഞത് ഒന്നിനും യാതൊരു കുറവുമില്ലായിരുന്നുവെന്നാണ്. എനിക്ക് ഒറ്റ മകളല്ലേ, ആ വിവാഹം ഏറ്റവും ഭംഗിയായി നടത്തണമെന്ന് പണ്ടുമുതലുള്ള ആഗ്രഹമായിരുന്നു. അതിനായി എന്റെ സഹോദരനും ബന്ധുക്കളും എല്ലാവരും ഒപ്പം നിന്നു.

അവളെ സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിച്ചപ്പോൾ അമ്മ എന്ന നിലയിൽ അനുഭവിക്കുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്. ലച്ചുവിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവൾ കയറിച്ചെല്ലുന്നത്. ജിജിന്റെ മാതാപിതാക്കൾ മകളെപ്പോലെയാണ് ശ്രീലക്ഷ്മിയെ സ്നേഹിക്കുന്നത്.

നല്ലൊരു ഭർത്താവിനോടൊപ്പം ശ്രീലക്ഷ്മിക്ക് സ്നേഹസമ്പന്നരായ ഒരു ഡാഡിയേയും മമ്മിയേയും സഹോദരനെയും കൂടിയാണ് കിട്ടിയിരിക്കുന്നത്. അവൾ സന്തോഷമായിട്ടിരിക്കണം. അതുമാത്രം എനിക്ക് കണ്ടാൽ മതി.

അഞ്ചുവർഷം നീണ്ട പ്രണയമായിരുന്നുവെന്ന് ശ്രീലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്രയും കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?

അഞ്ചുവർഷക്കാലം ഇവർ കാത്തിരിക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഇരുവീട്ടുകാരും സന്തോഷത്തോടെ തന്നെ നടത്തിക്കൊടുക്കുമായിരുന്നു. ഇവർ ഇത്രയും കാലം ഈ വിവരം പറയാതെയിരുന്നതിൽ മാത്രമാണ് വിഷമം.

മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. എന്റെ മകളെ സ്നേഹിക്കുന്ന ഒരാളാകണം എന്നുമാത്രമേ എനിക്കുണ്ടായിരുന്നുള്ളു. അത് ആരായാലും ഞാന്‍ അതിൽ എതിർപ്പ് പ്രകടിപ്പിക്കില്ലായിരുന്നു. രണ്ടുപേർക്കും അവരുടേതായ കരിയർ സ്വപ്നങ്ങളുണ്ട്. അതെല്ലാം നേടിക്കഴിഞ്ഞിട്ട് വിവാഹം മതിയെന്ന് കരുതിയിട്ടുണ്ടാകും. 

വിവാഹവിഡിയോയിൽ മകൾക്ക് അമ്മ നൽകിയ കുടുംബചിത്രം ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അത്തരമൊരു ഗിഫ്റ്റ് ഐഡിയ ആരുടേതായിരുന്നു?

ശ്രീലക്ഷ്മിയുടെ കൂട്ടുകാരാണ് എന്നെക്കൊണ്ട് ആ കുടുംബചിത്രം കൊടുപ്പിച്ചത്. വേദിയിൽവെച്ച് തുറന്നുനോക്കുമ്പോഴാണ് ആദ്യമായി ഞാനത് കാണുന്നത്. അമ്പിളിചേട്ടൻ ഒപ്പമുള്ള കുടുംബചിത്രമാണെന്ന് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയതാണ്. ചിത്രം കണ്ട് ഞാനും മോളും ഒരുപോലെ കരഞ്ഞു. എന്തൊക്കെ പറഞ്ഞാലും അവൾക്ക് അവളുടെ പപ്പയെ മിസ് ചെയ്യാതെയിരിക്കുമോ?

ജഗതിശ്രീകുമാറിന്റെ അഭാവം നിങ്ങളുടെ രണ്ടുപേരുടെയും സ്വകാര്യദുഖം കൂടിയാണ്. എങ്ങനെയാണ് ഇത് തരണം ചെയ്തത്?

അമ്പിളിചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഭംഗിയായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തുമെന്ന് എപ്പോഴും പറയുമായിരുന്നു. അദ്ദേഹം ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ വിവാഹം ഇതിലും കേമമാകുമായിരുന്നു.

ശ്രീലക്ഷ്മി ഒരു തെറ്റും ചെയ്തിട്ടില്ല. അത് മറ്റുള്ളവർ മനസിലാക്കിയിരുന്നെങ്കിൽ അവൾ ദുഖം അനുഭവിക്കേണ്ടിവരില്ലായിരുന്നു.  പപ്പയില്ലാത്ത വിവാഹം അവൾക്ക് സങ്കടം തന്നെയാണ്. അദ്ദേഹം മകളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഉണ്ടെങ്കിൽ തീർച്ചയായും മനസുകൊണ്ട് മോളെ അനുഗ്രഹിക്കും. ഇനിയുള്ള ജീവിതത്തിലെങ്കിലും സന്തോഷമായിട്ട് ജീവിക്കാൻ അവൾക്ക് അവളുടെ പപ്പയുടെ അനുഗ്രഹം മാത്രം മതി. 

ദുബായിൽ തന്നെ സെറ്റിലാകാനാണോ ശ്രീലക്ഷ്മിയുടെ ഭാവി പരിപാടി?

അവൾക്ക് തുടർന്നുപഠിക്കണമെന്നുണ്ട്. മോന്റെ വീട്ടുകാരും ആ ആഗ്രഹത്തിന് പൂർണ്ണപിന്തുണ നൽകുന്നുണ്ട്. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബമാണ് അവരുടേത്. ശ്രീലക്ഷ്മിയ്ക്ക് ഡിഗ്രിക്ക് 80 ശതമാനം മാർക്കുണ്ടായിരുന്നു. സിവിൽ സർവീസ് എഴുതിയെടുക്കണമെന്നുള്ളത് അവളുടെ വലിയ ആഗ്രഹമാണ്. ജിജിന്റെ വീട്ടുകാരും പരീക്ഷയെഴുതിയെടുക്കണമെന്ന് തന്നെയാണ് പറയുന്നത്. അവളുടെ പപ്പയുടെ മോഹവും അതുതന്നെയാണ്.