എനിക്ക് വീടും സാമ്പത്തിക അടിത്തറയും തന്ന ആകാശഗംഗ; യക്ഷി പിറന്ന കഥ: വിഡിയോ

സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 തീയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. ആകാശഗംഗ എന്ന സിനിമയുടെ മൂലകഥ തന്റെ കുടുംബത്തിൽ സംഭവിച്ചിട്ടുള്ളതാണെന്ന് വിനയൻ മനോരമന്യൂസ് ഒാൺലൈന് അനുവദിച്ച വിഡിയോ അഭിമുഖത്തിൽ പറഞ്ഞു. തന്റെ അമ്മ പറഞ്ഞ കഥായാണിതെന്നും വിനയൻ പറയുന്നു. 

കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതിൽ യക്ഷിയുണ്ടെന്നും അമ്മ പറയുമായിരുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ ഇൗ ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയിൽ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസിൽ തെളിയുന്നത്. കാവിൽ കാർന്നോമ്മാരെല്ലാം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുള്ളുന്നതുമെല്ലാം കാണാം. ചിലർ ശരിക്കും തുള്ളും, മറ്റുചിലർ അഭിനയിക്കുകയാവും. അഭിനയിച്ചു തുള്ളുന്നതാണ് സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്.

കഥ പറഞ്ഞുതന്നശേഷം അമ്മ മരിച്ചു. സിനിമയെടുത്തു വിജയിക്കുകയും ചെയ്തു. പിന്നീട് സ്വപ്നത്തിൽ അമ്മ വന്നു പറയുന്നതായി ഒരു തോന്നൽ. നീ നമ്മുടെ കുടുംബത്തേയും കാർന്നോന്മാരെയുമെല്ലാം അവഹേളിച്ചില്ലേ എന്ന്. അതിനുശേഷം കുട്ടനാട്ടിൽ സ്വന്തം തറവാട്ടിൽ, 20 വർഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി. വിനയൻ  അഭിമുഖത്തിൽ പറയുന്നു. 

തനിക്ക് ആദ്യമായി മികച്ച ഒരു സാമ്പത്തിക അടിത്തറ നേടിത്തന്ന ചിത്രമാണിതെന്നും വിനയൻ പറഞ്ഞു. സിനിമയ്ക്ക്് ആദ്യം നിർമാതാവിനെ ലഭിച്ചില്ല. നിർമാണം ഏറ്റെടുത്ത ആൾക്ക് ചെറിയ ഒരു അതൃപ്തി. കുഞ്ചാക്കോ ബോബനെയാണ് ആദ്യ ഭാഗത്തിൽ ‍നായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നായികാപ്രാധാന്യമുള്ള ചിത്രമായതിനാൽ കുഞ്ചാക്കോയ്ക്ക് വലിയ താൽപര്യമില്ലാത്തതായി തോന്നി. അങ്ങനെയാണ് റിയാസ് നായകനായെത്തുന്നത്. 

പ്രേത സിനിമയായതുകൊണ്ടും പുതുമുഖ നായകനായതുകൊണ്ടും നിർമാതാവിന് ചിത്രം വിജയിക്കുമോ എന്ന് സംശയം. അങ്ങനെ ആദ്യ ആകാശഗംഗയുടെ നിർമാണം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് വിനയൻ പറയുന്നു. വീട് വയ്ക്കാനായി എടുത്ത വായ്പാതുകയാണ് ആകാശഗംഗ ആദ്യഭാഗത്തിന്റെ നിർമാണത്തിനുപയോഗിച്ചത്. സിനിമ വൻ വിജയയമായി. അതിന്റെ ലാഭത്തിൽ നിന്നാണ് വീടിന്റെ പണി പൂർത്തീകരിച്ചതെന്നും വിനയൻ അഭിമുഖത്തിൽ ‍പറഞ്ഞു.