'സംഗീതജീവിതം'; അരുണ സായ്റാമിന് ഇന്ന് അറുപത്തിയാറാം പിറന്നാള്‍

കര്‍ണാട്ടിക് സംഗീതത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നറിയപ്പെടുന്ന പത്മശ്രീ അരുണ സായ്റാമിന് ഇന്ന് അറുപത്തിയാറാം പിറന്നാള്‍ മധുരം. രാഗവിന്യാസങ്ങള്‍ ഉൗര്‍ജം പകര്‍ന്ന ജീവിതമാണ് അരുണയുടേത്. സംഗീതത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം. 

അരുണാമ്മയ്ക്കേറെ ഇഷ്ടപ്പെട്ട ഹിന്ദോളരാഗത്തിലെ സരസ്വതിസ്തുതി. സംഗീതത്തിൽ ഉണർന്ന് ഒാരോ ദിനചര്യയിലും രാഗവുമ താളവും കലർത്തി സംഗീതത്തിൽ മാത്രം ജീവിക്കുന്ന ഗായിക. അരുണ സായ്റാമിനെ എളുപ്പത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കുഞ്ഞായിരിക്കുമ്പോൾ തുടങ്ങി സംഗീതപഠനം. ആദ്യഗുരു അമ്മ തന്നെ. രാജലക്ഷമി സേതുരാമൻ. അച്ഛനും അമ്മയും സംഗീതപ്രേമികളായതുകൊണ്ട്തന്നം നിരവധി സംഗീതഞ്ജർ നിരവധി സംഗീതഞ്ജർ വീട്ടിൽ വരുന്നത് പതിവായിരുന്നു. 

അങ്ങനെ ഒരിക്കൽ വിരുന്നെത്തിയ ടി ബൃന്ദയുടെ കീഴിൽ പഠനം തുടങ്ങി. എന്നും നേട്ടങ്ങളോടൊപ്പം ചേർത്തുവെച്ച പേരായിരുന്നു അരുണ സായ്റാം. 8ാം വയസ്സിൽ നേടിയ ആദ്യ സ്വർണ മെഡൽ മുതൽ പത്മശ്രീ വരെ. വിസ്താരമാണ് അരുണയുടെ കച്ചേരികളുടെ പ്രത്യേകത. രാഗം താനം പല്ലവിയെന്ന ആലാപശൈലി ഏറെ വഴങ്ങുന്ന ഗായികയാണവർ. ചിട്ടശുദ്ധി വിടാതെ കർണാട്ടിക് സംഗീതത്തിന്റെ ഉത്തുംഗത്തിൽ പാടി നിർത്തിയിട്ട്  ഊത്തുക്കാട് വെങ്കടഭാഗവതരുടെ മാടുമേയ്ക്കും കണ്ണേപോലുള്ള  തനിനാടൻ ശീലുകളെ തൊട്ടടുത്ത പാട്ടിൽ ചേർത്തുവെയ്ക്കാൻ അപാരമായ കഴിവുണ്ട് അരുണയ്ക്ക്. 

മലയാളികള്‍ക്കിടയിലും ആസ്വാദകരേറെയാണ് അരുണാമയ്ക്ക്. പിറന്നാള്‍ ദിനത്തില്‍ നമ്മളോടുള്ള സ്നേഹം പങ്കുവെക്കുകയാണ് മനോരമന്യൂസിലൂടെ.

ചരിത്രത്തില്‍ ഇടം നേടിയപേരുകൂടിയാണ് അരുണ സായ്റാം എന്നത്. ലണ്ടനിലെ Royal Albert  Hall ല്‍ നടക്കുന്ന വിശ്വപ്രസിദ്ധമായ BBC Proms വേദിയില്‍,116 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ദക്ഷിണേന്ത്യന്‍ കര്‍ണാട്ടിക് സംഗീതം അലയടിച്ച് അരുണാമ്മയിലൂടെയാണ്. 

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പ്രൗഡഗംഭീര സംഗീതസഭകളില്‍ അരുണ കച്ചേരികള്‍ ചെയ്തു. രാഷ്ട്രപതിഭവന്‍, ശക്തിസ്ഥല്‍, വീര്‍ഭൂമി, മൊറോക്കന്‍ FES Festival അങ്ങനെയങ്ങനെ അനവധി സദസ്സുകള്‍. സംഗീത കലാനിധി,ഇസെ മണി, കലൈമാമണി, പത്മശ്രീ തുടങ്ങി പുരസ്കാരങ്ങളുടെ പൊന്‍കിരീടങ്ങള്‍ വേണ്ടുവോളം. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉപാധ്യക്ഷ കൂടിയാണ് അരുണ സായ്റാം. ഇനിയുമേറെ സദസുകളില്‍ ആ രാഗധ്വനികള്‍ നാദവിസ്മയം തീര്‍ക്കട്ടെ. നാദരൂപിണിയായി ചിരകാലം വാഴട്ടെ.