‘ഭാര്യയെ പരിചയപ്പെടുത്തി; എഴുന്നേറ്റ് കസേര കൊടുത്ത വിജയ്’; അനുഭവം: അഭിമുഖം

ദീപാവലി ആഘോഷമാക്കാൻ കാത്തിരിപ്പുകൾക്കൊടുവിൽ വിജയിയുടെ പുതിയ ചിത്രം ബിഗിൽ തീയറ്ററുകളിലെത്തി. ഫുട്ബോൾ ആസ്പദമാക്കിയുള്ള ചിത്രത്തിൽ വിജയിയുടെ വില്ലനായി എത്തുന്നത് മലയാളികളുടെ സ്വന്തം ഫുട്ബോൾ താരം ഐ.എം വിജയനാണ്. ബിഗിലിന്റെ കൂടുതൽ വിശേഷങ്ങളെക്കുറിച്ച് ഐ.എം.വിജയൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.

ബിഗിലിലേക്ക് എങ്ങനെയാണ് അവസരം ലഭിക്കുന്നത്?

ഞാൻ രണ്ട് മൂന്ന് തമിഴ്‌സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ടാവണം വിജയിയുടെ മാനേജർ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. വിജയിയോടൊപ്പം ഒരു സിനിമയെന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. വിജയിയുടെ സിനിമയോ? എന്നാണ് ആദ്യം ചോദിച്ചത്. അതെ വിജയിയുടെ സിനിമ തന്നെയെന്ന് പറഞ്ഞപ്പോൾ ഞാൻ എന്തായാലും ഉണ്ട് സാറെ എന്ന് പറഞ്ഞു. വിജയിയെപ്പോലെയൊരു സൂപ്പർതാരത്തിന്റെ ചിത്രത്തിൽ ഒരു സീൻ എങ്കിലും കിട്ടുന്നത് മഹാഭാഗ്യമാണ്.

താങ്കളുടെ ഫുട്ബോൾ മികവ് വെള്ളിത്തിരയിലും കാണാൻ സാധിക്കുമോ?

ബിഗിൽ ഫുട്ബോൾ പ്രമേയമായ ചിത്രമാണെങ്കിലും എനിക്ക് ഫുട്ബോൾ കളിക്കാനുള്ള അവസരം ഉണ്ടായില്ല. സിനിമയെ സംബന്ധിച്ച ഏക നിരാശ അതാണ്. ഞാൻ ഈ ചിത്രത്തിൽ അഭിനിയിക്കുന്നു എന്ന് കേൾക്കുമ്പോൾ സ്വഭാവികമായും എല്ലാവരും വിചാരിക്കുന്നത് പന്ത് കളിക്കാരനായിട്ടായിരിക്കുമെന്നാണ്. എന്നാൽ ഫുട്ബോളറുടെ വേഷമല്ല. വിജയ് അച്ഛനും മകനുമായിട്ടാണ് ബിഗിലിൽ എത്തുന്നത്. ഇവരുടെ രണ്ട് പേരുടെയും എതിരാളിയാണ് ഞാൻ. ഐഎസ്എല്ലിന്റെ സമയത്ത് തന്നെ ‍ഞാൻ അഭിനയിച്ച ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രം പുറത്തിറങ്ങിയതിൽ അതിയായ സന്തോഷമുണ്ട്. 

വിജയിയോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച്?

വളരെ കൂളായിട്ടുള്ള വ്യക്തിയാണ് വിജയ്. ഈ സിനിമയിൽ ഫുട്ബോൾ കളിക്കാരന്റെ റോളിലാണല്ലോ എത്തുന്നത്. അതിനായി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. ഫുട്ബോൾ രംഗങ്ങൾ എടുക്കുന്നതിന് മുൻപ് എന്നോട് സംശയങ്ങളൊക്കെ ചോദിക്കാറുണ്ട്. സെറ്റിലെത്തി ആദ്യം അദ്ദേഹത്തിന് കൈ കൊടുത്ത നിമിഷം മറക്കാനാകില്ല. ആദ്യം തന്നെ ഞാൻ പറഞ്ഞൂ, സാർ ഞാനൊരു അഭിനേതാവല്ല, ഫുട്ബോൾകളിക്കാരനാണെന്ന്.

അതിനെന്താണ് സാർ, ദേശീയതലത്തിലെ കളിക്കാരനാണെന്ന് എനിക്കറിയാവുന്നതല്ലേ എന്നായിരുന്നു വിജയിയുടെ മറുപടി. എന്റെ ഭാര്യയും മക്കളും വിജയിയുടെ ആരാധകരാണ്. അവരെക്കൂടി ഒരു ദിവസം സെറ്റിലേക്ക് വിളിച്ചോട്ടെയന്ന് ഞാൻ ചോദിച്ചിരുന്നു. എന്റെ ഭാര്യ വിജയിയെ കാണാൻ എത്തിയപ്പോൾ അദ്ദേഹം എഴുന്നേറ്റിട്ട് ഇരിക്കാൻ കസേര ഇട്ടുകൊടുത്തു. അതൊക്കെ ഒരു സൂപ്പർസ്റ്റാർ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല. അത്രമാത്രം സിംപിളാണ് വിജയ്.

സംഘടനത്തിന്റെ ഇടയ്ക്ക് വിജയിയെ ഞാൻ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. എനിക്കത് ചെയ്യാൻ മടിയായിരുന്നു. സംവിധായകൻ അറ്റ്ലിയോട് ഇത് എങ്ങനെ ചെയ്യും? ഞാൻ എങ്ങനെ ചവിട്ടും എന്ന് ചോദിക്കുന്നത് വിജയ് കേട്ടു. അദ്ദേഹം വന്നിട്ട് എന്റെ കാലെടുത്ത് നെഞ്ചത്ത്‌വച്ചിട്ട് സാർ ഇങ്ങനെ ചവിട്ടിക്കോളൂ, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. മറഡോണയോടൊപ്പം ഫുട്ബോൾ കളിച്ചപ്പോൾ തോന്നിയ അതേ വികാരമാണ് എനിക്ക് വിജയിയോടൊപ്പം അഭിനയിച്ചപ്പോൾ തോന്നിയത്.