‘സോണിയ പോന്നാട്ടേ’; പഞ്ചാബി ഹൗസിലെ ഗുസ്തിക്കാരൻ കാക്കനാട് ജിമ്മിൽ

‘സോണിയ വന്നാട്ടേ...പോന്നാട്ടെ’ എന്ന പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ഇപ്പോഴും മലയാളി ട്രോളൻമാർക്കു പ്രിയപ്പെട്ടതാണ്. ഗുസ്തിയിൽ പഞ്ചാബികളെ തോൽപ്പിച്ചാൽ പിടിച്ചുവച്ച ബോട്ട് വിട്ടുകൊടുക്കാമെന്ന ജനാർദ്ദനന്റെ വാക്കു കേട്ട് ഗോദയിലിറങ്ങിയ ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന പഞ്ചാബി കഥാപാത്രമാണു സോണിയ. ഈ വേഷമിട്ട സംശുദ്ധ് ഏബൽ ഇപ്പോൾ കാക്കനാട്ടെ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനറാണ്. 

ജിമ്മിലെത്തുന്ന പലരും ‘സോണിയയെ’ തിരിച്ചറിയുന്നുണ്ട്. ഫോർട്ട് വൈപ്പിൻ അഴീക്കൽ പൊള്ളേപ്പറമ്പിൽ സംശുദ്ധ് എന്ന 41കാരൻ നാഷനൽ പഞ്ചഗുസ്തി മത്സരത്തിലെ സിൽവർ മെഡൽ ജേതാവാണ്. പഞ്ചാബി ഹൗസിനു ശേഷം ഏതാനും സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ചുണ്ട്. 

എറണാകുളം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലാണു പഞ്ചാബി ഹൗസിലേക്കുള്ള ഗുസ്തിക്കാരന്റെ റോളിലേക്കു ക്ഷണം എത്തിയത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ പോകുമെന്നു സംശുദ്ധ് പറഞ്ഞു.