നിന്നെ ഓർക്കാത്ത നിമിഷമില്ല; സ്വർഗത്തിൽ വിശ്രമിക്കൂ; കണ്ണ് നനയിച്ച് തൃഷാല: കുറിപ്പ്

അകാലത്തിൽ മരിച്ച കാമുകനായി സഞ്ജയ് ദത്തിന്റെ മകൾ തൃഷാലയുടെ നൊമ്പരപ്പെടുത്തുന്ന പിറന്നാൾ ആശംസ. ഇൻസ്റ്റഗ്രാമിലാണ് തൃഷാല ആശംസ പങ്കുവച്ചത്. വികാരഭരിതമായ കുറിപ്പിനൊപ്പം ഇരുവരുടെയും ചിത്രവും അവർ പങ്കുവച്ചു. 

'ഒരു ദിവസമെന്നല്ല, നിന്നെ ഓർക്കാതെ ഒരു നിമിഷം പോലുമില്ല. ഹാപ്പി ബർത്ത്ഡേ.പറുദീസയിൽ വിശ്രമിക്കൂ. എന്നെന്നും നിന്റെ ബെല്ലാ മിയ' എന്നായിരുന്നു തൃഷാല കുറിച്ചത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കാമുകൻ മരിച്ചുപോയ വിവരം തൃഷാല സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. 'എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. സ്നേഹിച്ചതിനും സംരക്ഷിച്ചതിനും എനിക്കായി പ്രത്യേക കരുതൽ കാണിച്ചതിനും നന്ദി. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചത് നിങ്ങൾക്കൊപ്പമാണ്. നിന്നെ കണ്ടെത്താനും നിന്നോടൊപ്പമിരിക്കാനും കഴിഞ്ഞതോർക്കുമ്പോൾ ലോകത്തിലേക്കും ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി ഞാനാണെന്ന് എനിക്ക് തോന്നാറുണ്ട്. നിത്യതയോളം എനിക്കൊപ്പം നീ ജീവിക്കും. അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു. വീണ്ടും കാണും വരെ നിന്റെ ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കും' എന്ന് അവർ അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  ഇറ്റലിക്കാരനായ കാമുകന്റെ മരണത്തോടെ കടുത്ത വിഷാദത്തിലേക്ക് തൃഷാല വീണിരുന്നു. സഞ്ജയ് ദത്തിന് റിച്ച മിശ്രയുമായുള്ള ബന്ധത്തിലെ ആദ്യ മകളാണ് തൃഷാല.