ആദ്യ കെജിഎഫ് അവഗണിച്ചു; വിജയത്തിൽ അതിശയിച്ചു; കെജിഎഫ് 2 ൽ സഞ്ജയ് ദത്ത്

ഇന്ത്യയിൽ തന്നെ ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇൻഡസ്ട്രി. പേര് സാൻഡൽവുഡ്. നിലവാരമില്ലാത്ത സിനിമകൾ എന്ന് പറഞ്ഞ് പരിഹസിച്ച് തളളുകയായിരുന്നു നാം ഇതുവരെ. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങൾ വിരിയുമ്പോൾ എന്നും തട്ടുപൊളിപ്പൻ സൃഷ്ടികൾ മാത്രമേ കന്നട സിനിമയിൽ നിന്ന് ഉണ്ടാകൂെവന്ന മുൻവിധികൾ മാറ്റിയെഴുതുകയാണ് കെജിഎഫ് എന്ന ചിത്രം. 

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകൻ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാർ എന്ന വിളിപ്പേരുളള മെൽവിൻ യാഷും അവകാശവാദം ഉന്നയിച്ചപ്പോൾ ഇന്ത്യൻ സിനിമാലോകം ഗൗനിച്ചതു പോലുമില്ല. ഡിസംബർ 23–നു ശേഷം എല്ലാം മാറി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തിയത്. കേരളത്തിലെ തീയറ്ററുകൾ ഒരു കന്നട സിനിമയക്കു വേണ്ടി ആർപ്പുവിളികൾ ഉയരുന്നതു തന്നെ ചരിത്രത്തിൽ ആദ്യമായാണ്.

ഈ സിനിമ ചരിത്രമാകുകയാണ് 80 കോടി ചെലവിൽ നിർമ്മിച്ച ചിത്രത്തിന്റെ വേൾഡ് വൈഡ് കലക്ഷൻ ഇതുവരെ 250 കോടി രൂപയാണ്. ചിത്രത്തെ ഗൗരവമായി എടുക്കാത്തവരുടെ കൂട്ടത്തിൽ സൂപ്പർതാരം സഞ്ജയ് ദത്തും ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. യാഷ് തന്നെയാണ് ഇത് സംബദ്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിൽ മുഖം മൂടിയണഞ്ഞെത്തുന്ന അധീരയെന്ന കൊടുംവില്ലനെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചിരുന്നത് സഞ്ജയ് ദത്തിനെയായിരുന്നു. എന്നാൽ തിരക്കുകൾ മൂലം അദ്ദേഹം ആ റോൾ നിരസിച്ചു. കന്നട ചിത്രമായതിനാൽ സഞ്ജയ് ദത്ത് ആദ്യ ഭാഗത്തില്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. 

യാഷ് എന്ന നടനെ പറ്റിയും കെജിഫ് ഇറങ്ങുന്നതു വരെ കർണാടകത്തിനു പുറത്ത് ആർക്കും വലിയ ധാരണയും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാഗത്തിനായി ദത്ത് സമ്മതം മൂളിയതെന്നും ഇവര്‍ പറയുന്നു.