പോത്തിന് പിന്നാലെ അമ്പരപ്പിക്കുന്ന ഒാട്ടം; ‘കണ്ണുതള്ളിച്ച്’ ജല്ലിക്കെട്ട് ടീസര്‍: വിഡിയോ

മലയാള സിനിമ ലോകവേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ഇനിയും അഭിമാനമുയര്‍ത്തുമെന്ന് ഉറപ്പിക്കാം. ഇപ്പോഴിതാ ജല്ലിക്കെട്ട് എന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇത്തവണയും സിനിമാ ലോകത്ത് വേറിട്ട വഴയിലൂടെ നടക്കുകയല്ല ഒാടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. 

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കെട്ട് ലോകോത്തര വെബ്സൈറ്റായ റോട്ടൻടൊമാറ്റോയിലും ഇടംനേടിയിരുന്നു. ടൊറന്റോയിൽ ഹൊറർ, സയൻസ്ഫിക്‌ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയിൽനിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത പത്തു ചിത്രങ്ങളില്‍ ഒന്ന് ജല്ലിക്കെട്ട് ആണ്. ഓസ്കർ, ഗോൾഡൻ ഗ്ലോബ് പോലുള്ള അവാർഡ് സീസണുകളിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ. 

പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ചിത്രം. സങ്കീർണതകൾ നിറഞ്ഞ ചിത്രം. വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അഭിപ്രായം. ടീസര്‍ കാണാം.

എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.