തിയേററ്ററുകളിലും ഓണം പൊടിപൊടിക്കും; എത്തുന്നത് നാലു ചിത്രങ്ങൾ

ഒാണനാളുകള്‍ ഗംഭീരമാക്കാന്‍ മോഹന്‍ലാലിന്റേത് ഉള്‍പ്പടെ പുതിയ നാല് മലയാള സിനിമകള്‍ തിയറ്ററുകളില്‍. നടന്മാരായ ഷാജോണും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി സംവിധായകരാകുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി നയന്‍താര മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളസിനിമയിലേക്ക് എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയായി.  സിനിമാടിക്കറ്റിന് വിനോദനികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാകില്ലെന്ന് ഉറപ്പായതിനാല്‍ നിലവിലെ ടിക്കറ്റ് നിരക്കുകളില്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാം.

വമ്പന്‍ ഹിറ്റും മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ക്ലബ് ചിത്രവുമായ ലൂസിഫറിന് േശഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നവാഗതരായ ജിബിയും ജോജുവുമാണ് സംവിധായകര്‍. ഹണി റോസാണ് നായിക. ൈവക്കം വിജയലക്ഷ്മിയും മോഹന്‍ലാലും ചേര്‍ന്ന് ആലപിച്ച ഇട്ടിമാണിയിലെ ഗാനം ഹിറ്റാണ്. 

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച ഇനിഷ്യല്‍ കലക്ഷനൊപ്പം ഒാണനാളുകളില്‍ തിയറ്ററുകളിലെത്തുന്ന കുടുംബപ്രേക്ഷകരെകൂടി ലക്ഷ്യംവച്ചാണ് ഇട്ടിമാണിയുടെ വരവ്.

ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായ ചിത്രം എന്നതിലപ്പുറം നടന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. സിനിമയെ എന്റര്‍ടെയ്നറായി കാണുന്നവര്‍ക്കുള്ള എല്ലാ ചേരുവകളുംചേര്‍ത്ത ചിത്രമെന്നാണ് ഷാജോണ്‍ സ്വന്തം സിനിമയെ അടയാളപ്പെടുത്തുന്നത്. െഎശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ് , മഡോണ െസബാസ്റ്റ്യന്‍, പ്രയാഗ മാര്‍ടിന്‍ എന്നിവരാണ് നായികമാര്‍.

ലൗ ആക്ഷന്‍ ഡ്രാമ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം. ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം. നടന്‍ അജുവര്‍ഗീസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് ലൗ ആക്ഷന്‍ ഡ്രാമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 

ഫൈനല്‍സ്. രജിഷ വിജയനും നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് പുറമെ നിര്‍മാണ പങ്കാളികൂടിയാവുകയാണ് മണിയന്‍പിള്ള രാജു. ഏതായാലും വിനോദനികുതി ഏര്‍പ്പെടുത്തിയ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചല്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിലവിലെ  ടിക്കറ്റ് നിരക്കില്‍തന്നെ പ്രേക്ഷകര്‍ക്ക് ഒാണസിനിമകള്‍ ആസ്വദിക്കാം.