ജെയ്സണും കീർത്തിയും ജാതിക്കാത്തോട്ടവും; മധുരമുള്ള 'തണ്ണീർമത്തൻ'

നല്ല അസലൊരു തണ്ണീർമത്തൻ ജ്യൂസ് കുടിച്ച സുഖം. അഡാർ ലവിനും ജൂണിനും പതിനെട്ടാം പടിക്കും പിന്നാലെ സ്കൂള്‍, പ്ലസ് ടു നൊസ്റ്റാൾജിയ ചിത്രങ്ങളിലേക്ക് കണ്ണി ചേര്‍ക്കാൻ ഒന്നു കൂടി. ഇടവേളക്കു ശേഷം വിനീത് ശ്രീനിവാസന്റെ വരവ്, കുമ്പളങ്ങി നൈറ്റ്സില്‍ കയ്യടി വാങ്ങിയ മാത്യു തോമസിന്റെ മുഴുനീള കഥാപാത്രം, ഉദാഹരണം സുജാതയിലൂടെയെത്തിയ അനശ്വരയുടെ സ്വാഭാവികാഭിനയം, ജോമോന്‍.ടി.ജോണ്‍, വിനോദ് ഇല്ലംപിള്ളി എന്നിവര്‍ ചേർന്നുള്ള മികച്ച ക്യാമറ എന്നിങ്ങനെ രുചിക്കൂട്ടുകൾ പലതു ചേർത്താണ് നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത 'തണ്ണീർമത്തൻ ദിനങ്ങൾ' തിയേറ്ററിലെത്തിയത്. 

അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.  സ്വാഭാവിക നർമ മുഹൂർത്തങ്ങളും പുതുമുഖമെന്നു തോന്നിക്കാത്ത വിധത്തിലുള്ള മേക്കിങ്ങും റിയലിസ്റ്റിക് സംഭാഷങ്ങളും ഒപ്പം കൂടുമ്പോൾ തണ്ണീർമത്തന് രുചിയേറുന്നുണ്ട്. കള്ളച്ചിരിയിലൂടെയും കുസൃതിനോട്ടങ്ങളിലൂടെയും നിഷ്കളങ്ക വർത്തമാനങ്ങളിലൂടെയും രണ്ടാമത്തെ ചിത്രത്തിലും കയ്യടി വാങ്ങുന്നുണ്ട് മാത്യു. മാത്യവിന്റെ കാമുകിയായെത്തുന്ന അനശ്വരയും സ്വാഭാവികാഭിനയത്തിലൂടെ തന്നെയാണ് ശ്രദ്ധ നേടുന്നത്. അൽപം നെഗറ്റീവ് ടച്ചുള്ള 'രവി പദ്മനാഭൻ' വിനീത് ശ്രീനിവാസന്റെ സിനിമാവഴിയില്‍ വേറിട്ടു നിൽക്കുന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് വിദ്യാർഥികളെല്ലാം പുതുമുഖങ്ങളാണ്. 

ജെയ്സന്റെയും (മാത്യു) കീർത്തി (അനശ്വര)യുടെയും കൗമാരപ്രണയം സ്വാഭാവിക ചോരാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രണയത്തിനിടെയെത്തുന്ന 'ജാതിക്കാത്തോട്ടം' എന്ന ഗാനവും മധുരം കൂട്ടുന്നുണ്ട്. വിനോദയാത്രക്കിടെയുള്ള 'ശ്യാമവര്‍ണരൂപിണി'യും സ്കൂളിനടുത്തെ പെട്ടിക്കടയും തണ്ണീർമത്തന്‍ ജ്യൂസും പെട്ടിക്കടയും മുട്ടപപ്സുമെല്ലാം നൊസ്റ്റാൾജിയകളുമാകുന്നു. ‌

‌കൗമാരപ്രണയത്തിനൊപ്പം സൗഹൃദവും ആകാംക്ഷാ മുൾമുനകളിൽ നിർത്താത്ത കുട്ടിപ്രതികാരങ്ങളും തമാശകളുമൊക്കെയായി ആദ്യാവസാനം പിടിച്ചിരുത്തുന്നുണ്ട് ചിത്രം. 

‌പല വട്ടം പറഞ്ഞു പരീക്ഷിച്ചിട്ടുള്ള സ്കൂള്‍ കാലഘട്ട നൊസ്റ്റാൾജിയയെ സെന്റ്  സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിലേക്ക് പറിച്ചു നട്ടപ്പോള്‍ പതിവുശീലങ്ങളുടെ മടുപ്പ് അനുഭവപ്പെടുത്തുന്നില്ല സംവിധായകനും തിരക്കഥയും. സംവിധായകന്‍ ഗീരീഷ് എഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ്-സുഹൈല്‍ കോയ ടീമിന്റേതാണ് ഗാനങ്ങൾ. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. 

ഒറ്റവാക്കി‍ൽ പറഞ്ഞാൽ ഒരു ഫീല്‍ഗുഡ് എന്റർടെയ്നർ തന്നെയാണ് വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ഈ കൊച്ചുചിത്രമെന്ന് പ്രേക്ഷകര്‍ പറയുന്നു, ഓരോരുത്തർക്കും ഓര്‍ക്കാനുണ്ടാകുന്ന തണ്ണീര്‍മത്തൻ ദിനങ്ങളിലേക്കുള്ള തിരിച്ചുപോക്കും.