അന്ന് രണ്ട് മാർക്ക് കൊടുത്ത മോഹൻലാൽ; 'ഗുണ്ട'യും 'മുൾക്കിരീട'വുമല്ല, 'കിരീടം' തന്നെ

കഥയും സംവിധാനവും സംഘട്ടനവും സംഗീതവുമൊക്കെ ചേർന്ന ക്ലാസിക്– കീരീടത്തിന് എല്ലാക്കാലത്തും ലഭിക്കുന്ന നിരൂപക പ്രശംസകളിലൊന്നാണിത്. 30 വർഷങ്ങള്‍ക്കു മുൻപുള്ളൊരു മഴക്കാലത്താണ് ആദ്യമായി സേതുമാധവന്റെയും അച്യുതൻ നായരുടെയും  ആത്മവ്യഥകൾ ആദ്യമായി മലയാളി കണ്ടത്. അവരുടെ വിചാരങ്ങൾക്കൊപ്പം നാട്ടിടവഴികളിൽ പരിചിതമായ പല കഥാപാത്രങ്ങളും നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും നോവിക്കുകയും ചെയ്തിട്ടുണ്ട്. 

മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നും കീരീടം മലയാളിക്ക് പ്രിയപ്പെട്ടതാകുന്നതിന്റെ മാജിക് എന്താണ്? കാലാതിവർത്തിയാകുന്നത് എന്തുകൊണ്ടാണ്? സംവിധായകൻ സിബി മലയിൽ മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുന്നു....

''പുതുതലമുറ വൈകാരികതക്കുമപ്പുറം പ്രായോഗിക തലത്തില്‍ ചിന്തിക്കുന്നവരാണെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ സിനിമക്കിന്ന് പ്രസക്തിയില്ലെന്നല്ല. സിനിമ പറയുന്ന വിഷയം കാലാതിവർത്തിയാണ്, സാർവദേശീയമാണ്. ഏതു രാജ്യത്തും ഏതു ജീവിതപരിസരങ്ങളിലും അങ്ങനൊന്നു സംഭവിച്ചാൽ ഉണ്ടാകുന്ന സ്വാഭാവികപ്രതികരണമാണ്. ലോകത്തെവിടെയും അച്ഛനെ തല്ലിയാൽ മക്കൾ അങ്ങനെ തന്നെയായിരിക്കും പ്രതികരിക്കുക''. 

ആ സന്തോഷമറിഞ്ഞത് ചെന്നൈയിൽ വെച്ച്...

''ചിത്രം റീലീസ് ചെയ്യുമ്പോൾ ഞാൻ ചെന്നൈയിലായിരുന്നു. അവിടെയാണ് താമസിച്ചിരുന്നത്. കിരീടം റിലീസ് ചെയ്ത ഉടൻ ദശരഥത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ നാട്ടിലെ പ്രതികരണങ്ങൾ നേരിട്ട് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തേതുപോലെ സമൂഹമാധ്യമങ്ങളില്ലല്ലോ. ഇതുപോലെ വലിയ സിനിമാപ്രമോഷനുകളും നടക്കാറില്ല. ചിലരൊക്കെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ആദ്യത്തെ ദിവസം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നു എന്ന വാർത്തകൾ കേട്ടിരുന്നു. ഇവിടുത്തെ വിജയത്തിന്റെ സന്തോഷം നേരിട്ട് അറിയാൻ സാധിച്ചിട്ടില്ല''.

അന്ന് കൊടുത്ത രണ്ട് മാർക്ക്, പിന്നെ നായകന്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ ഓഡിഷനെത്തിയ മോഹൻലാലിന് രണ്ട് മാർക്ക് കൊടുത്ത സംവിധായകനാണ് ഒൻപത് വർഷങ്ങൾക്കിപ്പുറം സേതുമാധവനെ വിശ്വസിച്ചേൽപിച്ചത്. ''സേതുമാധവനായി മോഹന്‍ലാലിനെത്തന്നെയാണ് മനസില്‍ കണ്ടിരുന്നത്. നടൻ എന്ന നിലയിൽ ലാൽ അതിനോടകം കഴിവ് തെളിയിച്ചിരുന്നു. ലാലിന്റെ പ്രായവും ഇമേജും ഒക്കെ കണക്കിലെടുത്തപ്പോൾ മറ്റൊരാളെ ആ കഥാപാത്രം അവതരിപ്പിക്കാൻ ആലോചിക്കേണ്ടി വന്നില്ല''. 

ഒടുവിൽ മോഹൻരാജിലേക്ക് കീരിക്കാടൻ ജോസ്

കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് ആരാണെന്നതു സംബന്ധിച്ച് ഒരുപാട് ആലോചനകൾ നടന്നിരുന്നു. കാരണം, കഥാപാത്രത്തെ പ്രേക്ഷകർ കാണുന്നതിനു മുൻപേ തന്നെ മറ്റുള്ളവരിലൂടെ ലഭിക്കുന്ന ഒരു ഇമേജ് ഉണ്ട്. വലിയ ആകാരവും, അയാളിലെ ഭീകരതയും ശക്തിയുമൊക്കെ മറ്റു കഥാപാത്രങ്ങൾ പറ‍ഞ്ഞുപറഞ്ഞ് പ്രേക്ഷകർക്ക് അറിയാം. ഒടുവിൽ ഇന്റര്‍വെല്ലിന് തൊട്ടുമുൻപാണ് ആ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. വരുമ്പോൾ പറഞ്ഞുകേട്ട രൂപം തന്നെയാകണം. അത് പുതിയ ഒരാൾ ആകണമെന്നും നിർബന്ധമുണ്ടായിരുന്നു. 

മറ്റു ഭാഷകളിലുള്ള പല നടൻമാരെയും കീരിക്കാടൻ ജോസ് ആകാന്‍ പരിഗണിച്ചിരുന്നു. ഒടുവിൽ‌ മോഹൻരാജിലേക്ക് എത്തുകയായിരുന്നു. മുന്‍പ് മൂന്നാംമുറ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഗുണ്ടകളിൽ ഒരാളായി മോഹൻ‍രാജ് എത്തിയിരുന്നെങ്കിലും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നില്ല. 

ഏറ്റവും കൂടുതൽ റീടേക്ക് എടുത്ത രംഗം

കീരിക്കാടൻ ജോസിനെ ആദ്യമായി കാണിക്കുന്ന രംഗത്ത് അയാളും മോഹന്‍ലാലും തമ്മിൽ സംഘട്ടനം നടക്കുന്നുണ്ട്. അത് ഒരു മാസ്റ്ററുടെ സഹായമില്ലാതെ ചെയ്തതാണ്. സിനിമയിൽ അതുവരെ സ്ഥിരം കണ്ടിട്ടുള്ള സംഘട്ടനരംഗങ്ങളുടെ പാറ്റേണും ആയിരുന്നില്ല. മോഹൻലാലിന് അത് നല്ല വഴക്കമുള്ളതാണ്. മോഹൻ‌രാജ് ആ വഴക്കത്തിലേക്കെത്താൻ സമയമെടുത്തു. ആ രംഗമാണ് ഏറ്റവും കൂടുതൽ റീടേക്ക് എടുത്തതെന്നാണ് ഓർമ. 

കണ്ണീർപൂവല്ല, ആ രംഗം മാത്രമാണ് വീണ്ടും ചെയ്തത്

കണ്ണീർപൂവിന്റെ എന്ന ഗാനത്തിന്റെ അവസാന ഭാഗത്ത് മോഹൻലാൽ റോഡിലൂടെ ഒറ്റക്ക് നടന്നുപോകുന്നതായി കാണിക്കുന്ന രംഗമുണ്ട്. ആ രംഗം മാത്രമാണ് മോഹൻലാലിനെ വീണ്ടും വിളിച്ചുവരുത്തി ചെയ്യിച്ചത്. അത് ഷൂട്ട് ചെയ്തത് മദ്രാസിലാണ്. നഗരത്തിൽ നിന്നകന്നുള്ള ഒരു സ്ഥലത്ത് നീണ്ട റോഡ് കണ്ടുപിടിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. നിന്നകന്ന് സിനിമയിലെ മറ്റ് രംഗങ്ങളെല്ലാം ചിത്രീകരിച്ചത് തിരുവന്തപുരത്താണ്. 

മുൾക്കിരീടവും ഗുണ്ടയുമല്ല, കിരീടം തന്നെ

സിനിമക്ക് മുൾക്കിരീടമെന്നും ഗുണ്ടയെന്നും പേരിട്ടിരുന്നതേ ഇല്ല. കഥ കുറേ നാളായി ആലോചനയിലുണ്ടായിരുന്നെങ്കിലും പേര് കണ്ടുപിടിച്ചിരുന്നില്ല. മറിച്ചുള്ളതെല്ലാം മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ മാത്രമാണ്. കിരീടത്തിനു മുൻപ് ഐവി ശശിയുടെ ഒരു സിനിമയാണ് ലോഹിതദാസ് എഴുതിക്കൊണ്ടിരുന്നത്. അതിന് അദ്ദേഹം നിർദേശിച്ച പേര് കിരീടം എന്നായിരുന്നു. എന്നാൽ ഐവി ശശിക്ക് ആ പേരിനോട് താത്പര്യമുണ്ടായിരുന്നില്ല. അവർക്ക് താത്പര്യമില്ലെങ്കിൽ ആ പേര് നമുക്കെടുക്കാം എന്ന് ഞാൻ ലോഹിയോട് പറയുകയായിരുന്നു. 

തിലകനു വേണ്ടി തിരുവനന്തപുരത്തേക്ക്...

മോഹൻലാലിന്റെ അച്ഛനായി തിലകൻ സാർ അഭിനയിക്കണമെന്നത് എഴുതുമ്പോൾ തന്നെ ഉറപ്പിച്ച കാര്യമായിരുന്നു. ഞാനുമായും ലോഹിയുമായും അദ്ദേഹം നല്ല സൗഹൃദത്തിലായിരുന്നു. സിനിമ പാലക്കാട് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. ആ സമയത്ത് തിലകൻ സാറിന് തിരുവന്തപുരത്ത് രണ്ട് സിനിമകളുടെ ഷൂട്ടിങ്ങ് നടക്കുന്നതിനാൽ അവിടെവരെ വന്ന് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അദ്ദേഹം വേണമെന്നത് ഞങ്ങളുടെ നിർബന്ധമായിരുന്നു. അങ്ങനെ ഷൂട്ടിങ്ങ് തിരുവനന്തപുരത്തേക്ക് ഷൂട്ടിങ്ങ് മാറ്റുകയായിരുന്നു. 

ചെങ്കോൽ പരാജയമല്ല, ദിനേശ് പണിക്കരോട് വിയോജിപ്പ്

ചെങ്കോൽ പരാജയപ്പെട്ടതിനു കാരണം കിരീടത്തിലെ ആദർശധീരനായ അച്ഛന്റെ ആദർശം ഇല്ലാതായി മാറിയതാണെന്ന ദിനേഷ് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. അദ്ദേഹം  ചെങ്കോലിന്റെ നിർമാതാവ് അല്ല, അദ്ദേഹത്തിന് ആ സിനിമയെ അങ്ങനെ കാണാനേ കഴിയൂ. അവിടെ ആദർശമല്ല പ്രശ്നം. ജീവിതം തന്നെ ദുരിതമായി മാറിയ ഒരു മനുഷ്യന്റെ ഗതികേടാണ്. ചെങ്കോൽ വാണിജ്യപരമായി പരാജയപ്പെട്ട ചിത്രമല്ല. എനിക്ക് കിരീടത്തേക്കാൾ വൈകാരികഅടുപ്പം ഉള്ള സിനിമയാണ്. സേതുമാധവന്റെയും അച്യുതൻ നായരുടെയും ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്. ഒരച്ഛന്റെ സ്വപ്നങ്ങൾ തകരുകയാണ് ചെയ്തത്. സ്വപ്നങ്ങളൊക്കെ തകർന്ന, മകനെ നഷ്ടപ്പെട്ട മനുഷ്യന്റെ അതിജീവനമാണ് ചെങ്കോൽ. 

ലോഹിയെക്കുറിച്ച് ....

ലോഹിയെക്കുറിച്ച് ഇത്തരം സന്ദർഭങ്ങളിൽ മാത്രം ഓർക്കേണ്ടതല്ല, എന്റെ കരിയറിലും ജീവിതത്തിലും നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള ആളാണ്. എന്നും എന്റെ ജീവിതപരിസരങ്ങളിൽ ലോഹിയെക്കുറിച്ചുള്ള ഓർമകൾ ഉണ്ട്.