സ്ത്രീയായതു കൊണ്ട് ആക്രമിക്കുന്നു; ആശാ ശരത്ത് ഡിജിപിക്ക് പരാതി നൽകി; വിഡിയോ

പുതിയ സിനിമയുടെ പ്രചാരണ വിഡിയോയുടെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡിജിപിക്ക് പരാതി നല്‍കി. സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ പറഞ്ഞു. കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എഡിറ്റഡ് വീഡിയോ ആണ് പ്രശ്നമുണ്ടാക്കിയതെന്നും ആശ തിരുവനന്തപുരത്ത് പറഞ്ഞു.

‘എവിടെ’ എന്ന സിനിമയ്ക്കായി താന്‍ പങ്കുവെച്ച വീഡിയോ വിവദമാക്കിയത് ബോധപൂര്‍വമെന്നു ആശാ ശരത് ആരോപിക്കുന്നു, വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു. ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിൽ ആശാ ശരത്തിന്റെ ഫെയ്സ്ബുക്ക് വിഡിയോ വൈറലാകുന്നത്. ഇതിനെതിരെ നടിക്കെതിരെ ഒരു അഭിഭാഷകൻ കേസുകൊടുത്തിരുന്നു. സിനിമ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകൻ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നൽകിയത്. കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത്തിന്റെ വിഡിയോ വന്നത്. ആദ്യം പലരും കരുതിയത് വിഡിയോ യഥാർഥമാണെന്നാണ്. പലരും അങ്ങനെ കമന്റ് ചെയ്യുകയും ചെയ്തു. ‘എവിടെ പ്രമോഷൻ വിഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്.