കുഞ്ഞില്ലാതെ നീറുന്നവരെ ചോദ്യങ്ങളാല്‍ കരയിപ്പിക്കരുത്; അഭ്യര്‍ഥിച്ച് പ്രിയ ചാക്കോച്ചന്‍

പതിനാലു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസ്ഹാഖ് എന്ന കുരുന്നിനെ കിട്ടുന്നത്. ആ സന്തോഷം മലയാള സിനിമയാകെ ആഘോഷിച്ചു. എന്നാൽ ഈ പതിനാല് വർഷവും സങ്കടത്തിന്റെ വലിയൊരു പുഴ തന്നെയാണ് ഇരുവരും നീന്തിക്കയറിയത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. 

പ്രിയയുടെ വാക്കുകൾ ഇങ്ങനെ: പോസിറ്റിവ് എനർജി തന്നുകൊണ്ട് ചാക്കോച്ചൻ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്. ചില പിറന്നാൾ ആഘോഷങ്ങൾക്കു പോകുമ്പോൾ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാൻ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേൽപിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോൾ ഞാൻ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരിച്ചു വരുന്നതെന്ന്’ പലരും ഒാർത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ...

പലപ്പോഴും പ്രായമായവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേൽപിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളിൽ ചിലരുടെ പൊതു സ്വഭാവമാണിത്.

‘മോളേ കുഞ്ഞുങ്ങളില്ലല്ലേ... ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാൻ പ്രയാസമായിരിക്കും അല്ലേ?’ എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകൾ മനസ്സിൽ വീഴുമ്പോൾ ചാക്കോച്ചൻ തന്ന എല്ലാ പോസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നിൽ നിന്നു തുടങ്ങും. ഇങ്ങനെയുള്ള സംശയാലുക്കൾ ദയവായി ഒരു കാര്യം ഒാർക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനിൽക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.- പ്രിയ പറഞ്ഞു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം: