50 കോടി നേടി ഷൈലോക്കിന്റെ കുതിപ്പ്; ഒപ്പം അഞ്ചാംപാതിരയും; 2020ന് മിന്നുംതുടക്കം

2020ൽ മലയാള സിനിമയ്ക്ക് വാണിജ്യ വിജയത്തിന്റെ പുതിയ കാഴ്ച സമ്മാനിച്ച് 50 കോടി ക്ലബിൽ രണ്ടുചിത്രങ്ങൾ. ഒരു മാസത്തിനുള്ളിലാണ് തിയറ്ററിലെത്തിയ രണ്ടു ചിത്രങ്ങൾ 50 കോടി നേടുന്നത് എന്നതും ശ്രദ്ധേയം. മമ്മൂട്ടി ചിത്രം ഷൈലോക്കും കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരയുമാണ് കോടിക്കിലുക്കവുമായി മുന്നേറുന്നത്. രണ്ട് സിനിമയുടെയും അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ പുതുവർഷത്തെ ഇൗ ഗംഭീരതുടക്കം ഇനിയുള്ള ചിത്രങ്ങൾക്കും ആവേശമാവുകയാണ്.

പൃഥ്വിരാജും ബിജുമേനോനും ടൈറ്റിൽ റോളുകളിലെത്തുന്ന അയ്യപ്പനും കോശിയും നാളെ തിയറ്ററുകളിലെത്തും. ഇതിനൊപ്പമാണ് ദുൽഖർ സൽമാൻ, സുരേഷ്ഗോപി ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയും എത്തുന്നത്. തിയറ്ററിൽ കടുത്ത മൽസരം കാഴ്ചവയ്ക്കുന്ന ചിത്രങ്ങളാകും ഇതെന്നാണ് ആരാധകരുടെ പക്ഷം. ഇതിനൊപ്പം അടുത്തയാഴ്ച ഫഹദിന്റെ ട്രാൻസും എത്തുന്നുണ്ട്. അടുത്ത മാസം മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ കൂടി വരുമ്പോൾ കോടിക്കൊയ്ത്തിന്റെ കാഴ്ച തെളിയുമെന്ന് വ്യക്തം.

ഇതോടെ 2020 മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ വഴിത്തിരിവാകുമെന്നാണ് റിപ്പോർട്ടുകൾ.