ആ വീട്ടിൽ ഞങ്ങൾ 10 പേർ; കൂട്ടിന് ദുരിതങ്ങളും; ഇതാണ് സത്യം: മോളി പറയുന്നു

കലാകാരി മോളി കണ്ണമാലിയുടെ വീടിന്റെ ശോചനീയാവസ്ഥ കാണിച്ചുകൊണ്ട് ഒരു യുവാവ് ഇട്ട വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേർ മോളി കണ്ണമാലിക്ക് എറണാകുളം എംപിയായിരുന്ന കെ.വി. തോമസ് മുൻകൈയെടുത്ത് നിർമിച്ചുനൽകിയ വിവരം സൂചിപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു. സ്വന്തമായി വീടുള്ളപ്പോൾ എന്തിനാണ് വീണ്ടുമൊരു കിടപ്പാടം വേണമെന്ന് ആവശ്യപ്പെടുന്നത്? ഇതിനുള്ള ഉത്തരം മോളി കണ്ണമാലി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

തോമസ് സർ വീട് പണിത് തന്നു എന്നുള്ളത് സത്യമാണ്. എന്റെ ഇളയമകനും കുടുംബവുമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. മൂത്തയാളുടെ വീട് തകർന്നതോടെ ഞങ്ങൾ എല്ലാവരും ഇപ്പോൾ അവിടെയാണ് താമസം. മൂത്തമകന് മൂന്ന് കുട്ടികളും ഇളയ മകന് രണ്ട് മക്കളുമുണ്ട്. അഞ്ച് കുട്ടികളും ബാക്കി മുതിർന്നവരുമായി 10 അംഗങ്ങളാണ് രണ്ട് മുറിയുള്ള വീട്ടിൽ താമസിക്കുന്നത്. 

മൂത്തമകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.

കണ്ണീരൊഴുക്കി മോളി കണ്ണമാലിയും കുടുംബവും; കുടുംബത്തിന് നീതിതേടി അലച്ചില്

ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. അഴക്കും ചെളിയും നിറഞ്ഞസ്ഥലത്ത് കുഞ്ഞുങ്ങളുമൊത്ത് എങ്ങനെയാണ് താമസിക്കുന്നത്. എന്റെ മകനും കുടുംബത്തിനും തലചായ്ക്കാൻ ഒരു കൂര വേണം. അതിന് വേണ്ടിയാണ് ഞാൻ അഭ്യർഥിക്കുന്നത്. ഇതിന്റെ ഇടയ്ക്ക് എനിക്ക് ഹൃദയാഘാതം വന്നു. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും കിട്ടുന്ന സിനിമാ സീരിയൽ ജോലിക്ക് പോകാറുണ്ട്. സ്ഥലമുണ്ടായിട്ടും ഒരു അടച്ചുറപ്പില്ലാത്ത കൂരയില്ലാത്ത ഗതികേടിലാണ് മകനും കുടുംബവും- മോളി കണ്ണമാലി പറഞ്ഞു.