‘മലയാളികള്‍ക്കിടയില്‍ ഇവനൊറ്റ പേരേയുള്ളൂ’; ലൂസിഫറിലെ ദാമു; പുതിയ ട്രോള്‍ വിഡിയോ

രമണനും മണവാളനുമൊക്കെ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളാണെങ്കിലും ഇപ്പോൾ അവരുടെ രാജാവ് ദശമൂലം ദാമു തന്നെയാണ്. ദാമു ട്രോളുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ദാമുവിന്റെ ഒരു കിടിലൻ ട്രോൾ വൈറലായിരിക്കുകയാണ്.

പൃഥിരാജ് സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിലെ രംഗങ്ങൾ ചേർത്ത് ആണ് ഇപ്പോൾ ദാമുവിനെ എഡിറ്റ് ചെയ്തിരിക്കുന്നത്. ലൂസിഫറിലെ വൻ സ്വീകാര്യത നേടിയ സംഭാഷണങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ് വിഡിയോ. ഈ ട്രോൾ വിഡിയോ സുരാജ് തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 'ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാർ. ബല്ലാത്ത ജാതി എഡിറ്റിംഗ്..' എന്ന കുറിപ്പോട്കൂടിയാണ് സുരാജ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്തയാൾക്ക് സുരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്.

ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. സിനിമ ഇങ്ങി 10 വർഷത്തിന് ശേഷമാണ് ദാമു ഇത്ര പ്രശസ്തനാകുന്നത്. നേരത്തെയും പല പോസ്റ്ററുകളിലും വിഡിയോകളിലും ദാമു പ്രത്യക്ഷപ്പെട്ടിരുന്നു. ഉയരെയുടെ പോസ്റ്ററിൽ ആസിഫ് അലിയെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന പാർവതിയുടെ ചിത്രം പുറത്തു വന്നിരുന്നു. ആസിഫിന്റെ സ്ഥാനത്ത് ദാമുവിനെ പ്രതിഷ്ഠിച്ച് അന്ന് ട്രോൾ ഇറങ്ങിയത് വൻ ഹിറ്റായിരുന്നു.