ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ‌അക്കാര്യം പൃഥ്വിയോട് പറഞ്ഞു: വിവേക് ഒബ്റോയ്

ലൂസിഫർ ഹിറ്റായപ്പോൾ വിവേക് ഒബ്‍റോയിയുടെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിൽ ആദ്യമായി അദ്ദേഹത്തോടൊപ്പം തന്നെ തുടങ്ങിയതും യാദൃച്ഛികം. രാംഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂ‍ടെയാണ് വിവേക് ഒബ്റോയി ബോളിവുഡിലേക്കെത്തുന്നത്. 

മോഹന്‍ലാലിന്‍റെ കൂടെ വീണ്ടും അഭിനയിക്കാനായത് ഭാഗ്യമാണെന്ന് തുറന്നുപറ‍ഞ്ഞിരിക്കുകയാണ് വിവേക് ഒബ്‍റോയ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. 

മോഹൻലാലിനു മാത്രമല്ല, പൃഥ്വിരാജിനുമുണ്ട് പ്രശംസ. പൃഥ്വിരാജ് വിസ്മയമാണെന്നു പറഞ്ഞ വിവേക് ഒബ്റോയ് ഷൂട്ടിങ്ങ് സമയത്ത് എല്ലാവരിലും നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും പറഞ്ഞു. ''രാജു നീ നവാഗത സംവിധായകനല്ല. കാരണം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായി നിനക്കറിയാം'', എന്ന് ആദ്യഷോട്ട് തീർന്നപ്പോൾ പൃഥ്വിരാജിനോടുതന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫർ ഇത്രയേറെ കളക്ഷൻ നേടിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിവേക് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു. വിദേശത്തുനിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തിൽ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡിൽ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഫിലിം ഇൻഡസ്ട്രി കണ്ടു പഠിക്കണമെന്നും വിവേക് അഭിമുഖത്തിൽ പറയുന്നു. ലൂസിഫർ ടീം മറ്റൊരു ചിത്രത്തിനു വേണ്ടി തന്നെ സമീപിച്ചാൽ തീർച്ചയായും സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു.