മമ്മൂട്ടി ആസ്വദിച്ചുകണ്ട ‘മാമാങ്ക’ത്തിന്‍റെ ആ 10 കോടി സെറ്റ്; കലാസംവിധായകന്‍ പറയുന്നു

മലയാളത്തിലെ ചരിത്ര സിനിമകളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. പതിനേഴാം നൂറ്റാണ്ടില്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്ര പ്രധാനമായ മാമാങ്കത്തിന്‍റെയും ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്. തിരുനായായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം തികയുമ്പോഴാണ് മാമാങ്ക മഹോല്‍സവം അരങ്ങേറിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത് ആർട്ട് ഡയറക്ടർ മോഹൻദാസാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റ് ഒരുക്കിയതിനെക്കുറിച്ച് മോഹൻദാസ് മനോരമന്യൂഡ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. ലൂസിഫറിന്റെ കലാസംവിധാനവും മോഹൻദാസ് തന്നെയാണ് ചെയ്തത്. 

കേട്ടുകേൾവി മാത്രമുള്ള ഒരു കാലത്തിന്റെ, മഹത്തായൊരു കൂട്ടായ്മയുടെ പുനാവിഷ്കാരം നടത്തിയത് എങ്ങനെയാണ്?

മാമാങ്കത്തെക്കുറിച്ച് പുസ്തകങ്ങളിൽ എഴുതിയ വിവരങ്ങൾ മാത്രമാണ് നമുക്കുള്ളത്. റഫറൻസിനായി ചിത്രങ്ങൾ പോലുമില്ല. മാമാങ്കം അരങ്ങേറിയ കാലഘട്ടത്തെക്കുറിച്ച് ഒരുപാട് പുസ്തങ്ങൾ വായിച്ചാണ് മനസിലാക്കിയത്. അതോടൊപ്പം തിരുനാവായയിൽ മാമാങ്ക സ്മാരക സംരക്ഷണ സമിതിയിൽ നിന്നും കിട്ടിയ അറിവുകളും സഹായമായിട്ടുണ്ട്. ഈ വിവരങ്ങളിൽ നിന്നെല്ലാം ഭാവനയിൽ ഒരു സെറ്റ് തെളിഞ്ഞു. അത് പിന്നീട് ചിത്രമാക്കി, സംവിധായകനെയും നിർമാതാവിനെയും ബാക്കി ടെക്ക്നിക്കൽ ടീമിനെയും കാണിച്ചു. എല്ലാവർക്കും അത് ഇഷ്ടപ്പെട്ടതോടെയാണ് സെറ്റിന്റെ പണിയിലേക്ക് കടന്നത്.

സാധാരണ ഒരു സിനിമയിൽ ജോലി ചെയ്യുന്നത് പോലെയായിരുന്നില്ല മാമാങ്കത്തിലെ ജോലി. പഴയ കാലം പുനർനിർമിക്കുന്നത് വെല്ലുവിളിയായിരുന്നു. പുല്ലും വൈക്കോലും മേഞ്ഞ കെട്ടിടങ്ങളാണ് മിക്കതും. പനയോല, മുള തുടങ്ങിയവും  മണ്ണ് പോലെ തോന്നിക്കാൻ ചണവും പ്ലാസ്ട്രോപാരീസും ഫൈബറും ഉപയോഗിച്ചു. ഏകദേശം 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും ആവനാഴി, ഉറുമി തുടങ്ങിയവ ഫൈബറിൽ ഉണ്ടാക്കിയെടുത്തു. ശരിക്കും ഒരു ഡ്രീം പ്രോജക്ടാണ് മാമാങ്കം.

മലയാളസിനിമയിലെ ബാഹുബലി എന്ന് വിശേഷിപ്പിക്കാമോ?

അങ്ങനെ എനിക്ക് പറയാനറിയില്ല. പക്ഷെ നല്ല അധ്വാനം വേണ്ടിവന്ന ചിത്രമാണിത്. അറുപത് ദിവസത്തോളം എടുത്താണ് സെറ്റ് പൂർത്തിയാക്കിയത്. മൂന്നൂറ്റി നാനൂറോളം ആളുകൾ ചേർന്നാണ് സെറ്റ് പണിതത്. ബാഹുബലിയിൽ ഗ്രാഫിക്സിന്റെ ഉപയോഗം കൂടുതലാണ്. മാമാങ്കത്തിന് പക്ഷെ സെറ്റ് നിർമിച്ച് തന്നെയാണ് ചിത്രീകരണം നടത്തിയത്. 10 കോടി രൂപ ചെലവഴിച്ചാണ് സെറ്റ് നിർമിച്ചത്. ഏകദേശം 500 മുതൽ 1000 വരെ എണ്ണഒഴിച്ച് കത്തിക്കുന്ന വിളക്കുകൾ സെറ്റിലുണ്ടായിരുന്നു. ലൈറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലും ഈ വിളക്കുകളുടെ വെളിച്ചത്തിലാണ് പഴമയുടെ പ്രതീതി കിട്ടാൻ ഷൂട്ട് ചെയ്തത്.

മാമാങ്കം എന്താണെന്ന് വിശദീകരിക്കാമോ?

ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത്  തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. ഏതാണ്ട് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌  മാമാങ്കം. ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാകാൻ വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാൻ വള്ളുവനാടൻ സേനാനികൾ എത്തിയിരുന്നു.

മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം?

മമ്മൂട്ടിയോടൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. താപ്പാനയിലും ഇമ്മാനുവലിലുമാണ് മുൻപ് ജോലി ചെയ്തത്. ഇമാനുവല്ലിന്റെ സെറ്റ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു. അതിനെക്കുറിച്ച് ഇത്തവണ കണ്ടപ്പോഴും പറഞ്ഞു. മാമാങ്കത്തിന്റെ സെറ്റും വളരെ ആസ്വദിച്ചാണ് അദ്ദേഹം നടന്നുകണ്ടത്. ഞാൻ ചെയ്ത ജോലിയിൽ അദ്ദേഹം തൃപ്തനായിരുന്നുവെന്നാണ് പെരുമാറ്റത്തിൽ നിന്നും തോന്നിയത്.

തിരുനാവായയിൽ തന്നെയായിരുന്നോ ഷൂട്ടിങ്ങ്?

അല്ല, കൊച്ചി നഗരമധ്യത്തിലാണ് ചിത്രീകരണം. നെട്ടൂർ ലേക്ക്ഷോർ ആശുപത്രിയുടെ പുറകിൽ 20–24 ഏക്കർ ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് സെറ്റിട്ടത്. എല്ലാവർക്കും പോകാനും വരാനുമുള്ള സൗകര്യം കണക്കിലെടുത്താണ് ലൊക്കേഷൻ കൊച്ചിയിലാക്കിയത്.