ആണുങ്ങളെല്ലാം വൃത്തികെട്ടവരെന്ന് പറഞ്ഞോ; പൊട്ടിത്തെറിച്ച് തപ്സി; വിവാദം

പുരുഷന്മാരെല്ലാം വൃത്തികെട്ടവരാണെന്ന് ബോളിവുഡ് നടി തപ്സി പന്നു പറഞ്ഞെന്ന വാർത്ത വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴി വെച്ചത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചെന്ന് കളേഴ്സ് ടിവിക്കെതിരെ തപ്സി പൊട്ടിത്തെറിച്ചു. അത്തരത്തിലുള്ള പരാമര്‍ശം നടത്തിയതിന്റെ ദൃശ്യങ്ങൾ കാണിക്കാൻ ചാനലിനോട് തപ്സി ആവശ്യപ്പെട്ടു. 

കളേഴ്സി ടിവിയിലെ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയിൽ തപ്സി പങ്കെടുത്തിരുന്നു. നടൻ വിക്കി കൗശൽ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും തപ്സി പറഞ്ഞെന്നായിരുന്നു വാർത്ത. തപ്സിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങളുയർന്നു. ഇതേത്തുടർന്നാണ് ട്വിറ്ററിൽ വിശദീകരണവുമായി നടി രംഗത്തെത്തിയത്. 

''കാഴ്ചക്കാരെ ഉണ്ടാക്കാൻ ടിആർപി റേറ്റിങ് ലഭിക്കാനും എന്തും ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാൻ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കാമെങ്കിൽ നന്നാകുമായിരുന്നു''- നോട്ട് കൂള്‍, ചീപ്പ് സ്റ്റണ്ട് എന്നീ ഹാഷ്ടാഗുകൾക്കൊപ്പം തപ്സി കുറിച്ചു. 

പരിപാടിയുടെ പ്രൊമോ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തപ്സിയുടെ അഭിപ്രായപ്രകടനം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.