'ഭാര്യയുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ'; തുറന്നുപറഞ്ഞ് അജയ് ദേവ്ഗണ്‍

ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്‍ഗണും കജോളും. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. അജ‍‍യ‍്‍യുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ദി പ്യാർ ദി' നാളെ തിയേറ്ററുകളിലെത്തുകയാണ്. മുൻ ഭാര്യയെ ചൊടിപ്പിക്കാൻ ചെറുപ്പക്കാരികളുമൊത്ത് കറങ്ങിനടക്കുന്ന ആളായാണ് ചിത്രത്തിൽ അജയ് പ്രത്യക്ഷപ്പെടുന്നത്. 

സിനിമ അവിടെ നിക്കട്ട, ജീവിതത്തിൽ അത്തരത്തിലൊന്ന് സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കജോൾ കൂടെയുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ''ഇതൊക്കെ സാധാരണ എല്ലാവർക്കും തോന്നുന്ന തോന്നലാണ്. അങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലെന്ന് പറയാൻ പറ്റില്ല. കജോൾ ഒപ്പമുള്ളപ്പോൾ മറ്റു  സ്ത്രീകളെ വായ്നോക്കിയാൽ അവൾ എന്തെങ്കിലും കമന്‍റ് പാസാക്കും. മിക്കവാറും എന്തെങ്കിലും തമാശയായിരിക്കും'', അജയ് പറയുന്നു. 

'ദി ദി പ്യാർ ദി' യുടെ ട്രെയിലർ കജോൾ കണ്ടെന്നും ഭാര്യയും സിനിമയില്‍ നിന്നായതുകൊണ്ട് അവൾക്ക് അതൊക്കെ മനസിലാകുമെന്നും അജയ് ദേവ്‍ഗൺ കൂട്ടിച്ചേര്‍ത്തു.