ഫഹദും ടൊവീനോയും മികച്ച നടന്‍മാർ; ഐശ്വര്യ ലക്ഷ്മി മികച്ച നടി; താരനിശ

ഫഹദും ടൊവീനോയും മികച്ച നടന്‍മാര്‍. ഐശ്വര്യ ലക്ഷ്മി മികച്ച നടിയും. മഴവിൽ മനോരമ പ്രഥമ എന്റർടെയ്ൻമെന്റ് പുരസ്ക്കാര വേദി താര തിളക്കത്തില്‍ സമ്പന്നമായി. അങ്കമാലി അഡ്്ലക്സ് കണ്‍വന്‍ഷന്‍ സെന്ററായിരുന്നു പുരസ്കാരവേദി. 

മലയാള സിനിമയിലെ  മികവിന്റെ താരത്തിളക്കങ്ങള്‍ക്കായിരുന്നു മഴവിൽ മനോരമയുടെ പ്രഥമ എന്റർടെയ്ൻമെന്റ് പുരസ്ക്കാരങ്ങൾ. മികച്ച നടനുള്ള പുരസ്കാരങ്ങള്‍ ഫഹദും ടൊവീനോയും പങ്കിട്ടപ്പോള്‍ നടിക്കുള്ള പുരസ്ക്കാരം ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കി. ഞാൻ പ്രകാശൻ മികച്ച വിനോദ സിനിമക്കുള്ള പുരസ്ക്കാരം നേടി. ആദ്യ സംവിധാനസംരംഭമായ ലൂസിഫറിലൂടെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം പൃഥ്വിരാജ് സ്വന്തമാക്കി. 

മലയാള സിനിമാഗാനരംഗത്തെ ഓൾ ടൈം എന്റർടെയ്നർ പുരസ്ക്കാരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഗായകൻ യേശുദാസിന് സമ്മാനിച്ചു. ഇരുവരും ചേര്‍ന്നഭിനയിച്ച ഹരികൃഷ്ണന്‍സിലെ ഗാനമായിരുന്നു ഗാനഗന്ധര്‍വന്‍ മലയാള സിനിമയിലെ താരരാജാക്കന്‍മാര്‍ക്ക് തിരിച്ച് സമ്മാനിച്ചത്

അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്ക്കാരം മോഹൻലാൽ ഏറ്റുവാങ്ങി. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരും നിർമ്മാതാവ് ജി.സുരേഷ് കുമാറും ചേര്‍ന്നാണ് എക്കാലത്തേയും മികവിന്റെ ആദരം കൈമാറിയത്. മാസ്റ്റർ ഡയറക്ടർ പുരസ്ക്കാരം പ്രിയദർശന്‍ നേടി. . മികച്ച സിനിമക്കുള്ള പുരസ്ക്കാരം സംവിധായകൻ സത്യൻ അന്തിക്കാട്, നിർമ്മാതാവ് സേതു മണ്ണാർക്കാട് എന്നിവരും മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം ഗായകൻ കെ.എസ്.ഹരിശങ്കർ, രചയിതാവ് ബി.കെ.ഹരിനാരായണൻ, സംഗീത സംവിധായകൻ കൈലാസ് മേനോൻ എന്നിവരും ഏറ്റുവാങ്ങി. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഉയരേക്ക് കുതിക്കുന്ന ഉയരേ എന്ന സിനിമയുടെ പ്രവര്‍ത്തകരെയും പുരസ്കാരനിശയില്‍ പ്രത്യേകം ആദരിച്ചു. വൻ താരനിരയെ സാക്ഷിയാക്കി 6 മണിക്കൂറോളം നീണ്ട പുരസ്ക്കാര നിശ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചത് വേറിട്ടൊരു കാഴ്ചവിരുന്ന്.