ഇത് മഞ്ജു തന്നെയോയെന്ന് ആരാധകർ; ഞാൻ തന്നെയെന്ന് മഞ്ജു

ലോക നൃത്തദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് നടി മഞ്ജു സുനിച്ചൻ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ സുന്ദരി മഞ്ജു തന്നെയാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ചെറുപ്പത്തിലെ ചിത്രം കണ്ടിട്ട് താരത്തെ മനസിലായില്ലെന്നും ആരാധകർ കൗതുകത്തോടെ പ്രതികരിച്ചു. 

മഞ്ജുവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം കണ്ണിലുടക്കുന്നത് നൃത്തവേഷത്തിൽ നിൽക്കുന്ന മഞ്ജുവിന്റെ പഴയ ചിത്രമാണ്. മെലിഞ്ഞ ഈ സുന്ദരി ആരെന്നു തിരക്കിയാൽ തന്റെ കയ്യൊപ്പ് ചാർത്തിയ നിറഞ്ഞ ചിരിയോടെ മഞ്ജു പറയും, ";ആരും വിശ്വസിക്കില്ല, പക്ഷേ അത് ഞാൻ തന്നെയാണ്". നൃത്തകാലത്തിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരുന്ന ആ ചിത്രമാണ് ലോകനൃത്തദിനത്തിൽ മഞ്ജു ആരാധകർക്കായി പങ്കു വച്ചത്. 

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന മഞ്ജു സുനിച്ചൻ സ്കൂൾ–കോളേജ് പഠനകാലത്ത് മികച്ച നർത്തകിയായിരുന്നു. മറിമായം ശ്യാമളയായി ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയാകുന്നതിനു മുൻപെ സിനിമയിലേക്ക് വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു.  ലോഹിതദാസിന്റെ ചക്രം എന്ന സിനിമയിലൂടെയാണ് മഞ്ജു സിനിമാലോകത്ത് എത്തുന്നത്.