സ്ക്രീനില്‍ തെലുങ്കരുടെ രാജണ്ണ; ആന്ധ്ര ഹൃദയത്തിലേക്ക് മമ്മൂട്ടിയുടെ യാത്ര: ഭാവക്കടല്‍

കാത്തിരുന്ന് വിളവെടുത്ത തക്കാളിയുമായി ചന്തയിലെത്തിയ കർഷകന് കിട്ടിയത് ഒരുരൂപ. ചരിത്രമായി മാറിയ പദയാത്രയ്ക്കിടെ ആന്ധ്രയുടെ ജനകീയ നായകനായ വൈഎസ്ആറിന് മുന്നില്‍ നിരന്നത് ഇങ്ങനെ പൊള്ളുന്ന ചോദ്യങ്ങള്‍. നിങ്ങൾ എന്താണ് ഒരു രൂപ ഡോക്ടറായി തന്നെ തുടരാഞ്ഞതെന്ന് ഏറെക്കാലം നന്‍മയുടെ ഡോക്ടറായിരുന്ന വൈഎസ്ആറിനോട് കുരുന്ന് പെണ്‍കുട്ടിയുടെ ചോദ്യം. ഇങ്ങനെ തൊണ്ടയില്‍ കുരുങ്ങിയ ഒരുപാട് ചോദ്യങ്ങളില്‍ കാൻസറോ ഹൃദ്​രോഗമോ ഒന്നുമല്ല ദാരിദ്രമാണ് തന്റെ നാടിന്റെ പ്രശ്നമെന്ന് ആ മനുഷ്യന്‍ തിരിച്ചറിയുന്നു. അഭിനയജീവിതത്തിന്റെ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത തലങ്ങൾ തൊടുകയാണ് യാത്രയിലൂടെ മമ്മൂട്ടി.

‘അയാൾക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും എനിക്ക് കേൾക്കാം ഡോക്ടറെ..’ എന്ന് മമ്മൂട്ടി വൈഎസ്ആറായി പറയുന്നത് ആന്ധ്ര ജനതയുടെ ഹൃദയത്തിലാണ് കൊള്ളുന്നത്. തെലുങ്കുമക്കളുടെ ഹൃദയത്തിൽ ഒരിക്കൽ കൂടി മുഴങ്ങുകയാണ് ‘കടപ്പ കടുവ’യെന്നും രാജണ്ണയെന്നും അവർ ആവേശത്തോടെ വിളിച്ച വൈഎസ്ആറിന്റെ ശബ്ദം. അത് പകരുന്നത് മലയാളത്തിന്റെ മഹാനടനും

വൈഎസ്ആർ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാനറിസങ്ങളും വേഷ‌വും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടിയിലൂടെ പുനർജനിക്കുന്നു. ഒരു നടന്റെ അങ്ങേയറ്റത്തെ ഗൃഹപാഠം എന്നു നിസ്സംശയം പറയാം. അത്രത്തോളം  സൂക്ഷ്മതയോടെയാണ് ജീവിച്ചിരുന്ന ആ ഇതിഹാസത്തെ മമ്മൂട്ടി പകർത്തുന്നത്.  തെലുങ്കന്റെ ആത്മാവ് തൊട്ട് നെറുകിൽ വച്ച്, ആന്ധ്രയെ ഇളക്കി മറിച്ച് ഭരണം നേടിയ ആ ഐതിഹാസിക യാത്രയുടെ മാത്രം പകർപ്പാണെങ്കിലും, ഇൗ ‘യാത്ര’ മമ്മൂട്ടിയു‌ടെ മാത്രം തട്ടകമാണ്. അയാൾക്കൊപ്പമോ അയാൾക്ക് മുകളിലോ സിനിമയിലും ജീവിതത്തിലും വെള്ളിത്തിരയിലും മറ്റൊന്നുമില്ലെന്ന് ചിത്രം അടിവരയിടുന്നു. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കാനുള്ള വൈഎസ്ആർ കോൺഗ്രസിന്റെ ലക്ഷ്യമാണ് ചിത്രമെന്ന് വിമർശനം ഉയരുമ്പോഴും എല്ലാവരും ഒന്നടങ്കം പ്രശംസിക്കുന്നത് മമ്മൂട്ടിയെയാണ്. കാരണം അത്രത്തോളം ഭാവവേഷ പകർച്ചയിൽ മമ്മൂട്ടി നിറയുന്നു. ചുട്ടുപ്പൊള്ളുന്ന ആന്ധ്രാപ്രദേശിലൂടെ അദ്ദേഹം കർഷകർക്കൊപ്പം നടക്കുമ്പോൾ കണ്ടിരിക്കുന്നവർ പത്താണ്ടിനപ്പുറം പിന്നോട്ട് സഞ്ചരിക്കുന്നു. കോൺഗ്രസിനു നഷ്‌ടപ്പെട്ടുപോയ ദക്ഷിണേന്ത്യൻ പെരുമ വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്‌ത ജനകീയ നേതാവായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്‌ഡിയായി മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്ക്രീനില്‍ ജീവിച്ചു. 

നിങ്ങൾക്ക് ഒരു രൂപ ഡോക്ടറായി തന്നെ ഇരുന്നാല്‍ പോരാരുന്നോ എന്ന കുഞ്ഞിന്റെ ചോദ്യത്തിന് മുന്നിൽ പതറുമ്പോഴും ഭാവം കൊണ്ട് വൈഎസ്ആറായി തന്നെ മമ്മൂട്ടി നിൽക്കുന്നു. അണികളെ അഭിവാദ്യം ചെയ്യുമ്പോൾ വൈഎസ്ആർ കൈ അനക്കുന്നത് പ്രത്യേക തരത്തിലാണ്. ആ വിരലുകളുടെയും കയ്യുടെയും ചലനം വരെ സൂക്ഷ്മമായി അദ്ദേഹം അവതരിപ്പിക്കുന്നു. സംവിധായകന്റെ നിർദേശങ്ങൾക്കൊപ്പം ആ കഥാപാത്രമാകാൻ നടത്തിയ ഗൃഹപാഠങ്ങാണ് ചിത്രം തെലുങ്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. കാരണം കണ്ടു ശീലിച്ച വൈഎസ്ആർ തന്നെയാണ് മമ്മൂട്ടിയിലൂടെ പിറവിയെടുത്തതെന്ന് ജനം സാക്ഷ്യം പറയുന്നു. 

26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്നത്. മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈഎസ്ആറിന്റെ കഥ പറയുന്ന ചിത്രത്തോടൊപ്പം തന്നെയാണ് എൻ ടി രാമറാവു എന്ന സിനിമയും ഇറങ്ങിയത്. ആരാധകർ ഇതിന്റെ പേരിൽ കലഹിക്കരുതെന്ന് മഹി രാഘവ് അഭ്യർഥിച്ചിരുന്നു. കഥാപാത്രങ്ങൾക്ക് മാത്രമല്ല ഏതു ഭാഷയ്ക്കും താൻ വഴങ്ങുന്ന നടനാണെന്ന് അദ്ദേഹം തെളിയിക്കുന്നു. തെലുങ്ക് പതിപ്പ് തന്നെ കാണണം എന്ന് മലയാളിയോട് അദ്ദേഹം അഭ്യർഥിച്ചത് എന്തുകൊണ്ടാണെന്ന് ചിത്രം കാണുമ്പോൾ മനസിലാകും.