അനിൽ കപൂറിനെ ബാധിച്ച രോഗം എന്ത് ? സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും വരാം

പ്രായം കൂടുന്തോറും അഭിനയത്തിന്റെ തീഷ്ണത കൂടിക്കൊണ്ടിരിക്കുന്ന നടൻ, അതാണ് അനിൽ കപൂർ. മസിലിളക്കിയെത്തിയ പുതിയ തലമുറയിലെ നടൻമാർക്കിടയിലും കോട്ടം തട്ടാതെ പിടിച്ചു നിൽക്കാൻ പ്രതിഭയുള്ള നടൻ. 62ാം വയസിലും കടുപ്പമേറിയ ആക്ഷൻ രംഗങ്ങളിൽ അനായാസം അഭിനയിക്കുന്ന താരം. എന്നാൽ താരത്തെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോൾ ആരാധകർ. 

അനിൽ കപൂർ തന്നെയാണ് തന്റെ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കാൽസിഫിക്കേഷൻ എന്ന രോഗമാണ് തന്നെ പിടികൂടിയിരിക്കുന്നത്. വലത് തോളിനെയാണ് ഇത് ബാധിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്കായി ഏപ്രിലിൽ ജർമനിയിലേക്ക് പോകാനിരിക്കുകയാണ്. കുറച്ചു കാലമായി രോഗം അലട്ടുന്നു. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും മുന്നോട്ട് പോയേ പറ്റൂവെന്നും അനിൽ കപൂർ ചടങ്ങിൽ പറഞ്ഞു. 

ശരീര കലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലർക്കും പല ഭാഗത്തായിരിക്കും അനുഭവപ്പെടുക. അനിൽ കപൂറിന് തോളിനാണ് പിടിപെട്ടത്. ഇത് ബാധിച്ചാൽ കലകൾക്കു സമീപമുള്ള താപനില കൂടും. തുടർന്ന് കടുത്ത വേദനയിലേക്ക് നയിക്കും. കാൽസിഫിക് ടെൻഡോനൈറ്റ്സ് എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. 

40 വയസ് കഴിഞ്ഞവരിലാണ് രോഗം കൂടുതലായി കണ്ടു വരുന്നത്. ഈ അസുഖം വന്നാൽ ഭാരമുള്ള വസ്തുകൾക്ക് ഉയർത്താൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ വേദന കഠിനമാകും. ചികിത്സ ലഭ്യമാണ്. ഫിസിയോ തെറാപ്പിയിലൂടേയും മരുന്നിലൂടേയും ഭേദമാക്കാം. അവസാന മാർഗമെന്ന നിലയിലാണ് ശസ്ത്രക്രിയ നടത്താറ്. ശസ്ത്രക്രിയക്കുള്ള സാധ്യത വെറും പത്തു ശതമാനമേ വരൂ. തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും ഉണ്ടാകുമെന്ന വേദന അവഗണിക്കരുതെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

നടുവ്, മുട്ടുകൾ, തോളുകൾ എന്നിവയെ ആണ് രോഗം കൂടുതലായും ബാധിക്കുക. ശരീരത്തിന് ആവശ്യമായതിലും കൂടുതൽ കാൽസ്യം ഉടലെടുക്കുന്നതാണ് ഈ അവസ്ഥയിലേക്കു നയിക്കുന്നത്. തുടർന്ന് ഓരോ ചലനവും ബുദ്ധിമുട്ടായി വരും. തുടക്കത്തിൽ നമ്മൾ ഈ വേദന ശ്രദ്ധിക്കില്ല. പതുക്കെ വേദന കൂടിവരും. കൈകാലുകൾ അനക്കാൻ ബുദ്ധിമുട്ടു കൂടിവരുമ്പോഴായിരിക്കും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുക തന്നെ.വിദഗ്ധനായ ഫിസിയോ തെറാപ്പിസ്റ്റിനെ സമീപിക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത്.