ചാക്കോച്ചന്റെ പടം 99% വിജയിക്കെട്ടെ; എന്റേത് നൂറും; ചിരി പൊട്ടിച്ച് ജയറാം: വിഡിയോ

കുഞ്ചാക്കോ ബോബൻ ചിത്രം അളള് രാമേന്ദ്രന്റെ ലോഞ്ചിങ് ചടങ്ങിൽ സദസിനെ ചിരിപ്പിച്ച് ജയറാമിന്റെ പ്രസംഗം. അളള് രാമേന്ദ്രൻ 99 ശതമാനം വിജയിക്കുമെന്ന് ജയറാം പറഞ്ഞതാണ് ചിരി പടർത്തിയത്. നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്നത് സ്വന്തം ചിത്രമായ ലോനപ്പന്റെ മാമോദീസയിലാണ്. രണ്ട് ചിത്രങ്ങളും ഒരേ ദിവസമാണ് പ്രദർശനത്തിന് എത്തുന്നത്. 

ആഷിക് ഉസ്മാൻ നിർമിക്കുന്ന അള്ള് രാമേന്ദ്രന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സദസ്സിനെ പൊട്ടിചിരിപ്പിച്ച ജയറാമിന്റെ പ്രസംഗം. ബാലതാരമായി തന്റെ സിനിമയിൽ അഭിനയിച്ച ആളാണ് ആഷിക്ക് ഉസ്മാനെന്നും ഇപ്പോൾ അദ്ദേഹത്തെ വലിയൊരു നിർമാതാവായി കാണാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ജയറാം പറഞ്ഞു. അള്ള് രാമേന്ദ്രനൊപ്പം ആഷിക് ഉസ്മാൻ തന്നെ നിർമിക്കുന്ന അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെയും ഓഡിയോ ലോഞ്ച് ഒരുമിച്ചായിരുന്നു നടന്നത്. കാളിദാസ് ജയറാം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

രണ്ട് സിനിമകളും അർഹിക്കുന്ന വിജയം നേടുമെന്നും  ജയറാമേട്ടൻ പറഞ്ഞതുപോലെ 99 ശതമാനം വിജയിക്കട്ടെ. പക്ഷേ ഈ ചിത്രം നൂറുശതമാനം വിജയിക്കും. ലോനപ്പിന്റെ മാമോദീസ 101 ശതമാനം വിജയിക്കും.’–കുഞ്ചാക്കോ ബോബൻ പറഞ്ഞു.