ബിജെപിക്ക് ‘ഒടിയന്‍’ ഷോക്ക്; ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ്: ട്രോളൊഴുക്കും

ആവശ്യത്തിനും അനാവശ്യത്തിനും അടുത്തിടെ പ്രഖ്യാപിച്ച ഹർത്താലുകൾക്കെതിരെ ഒന്നും സമൂഹമാധ്യമങ്ങളിൽ ഇത്ര രോഷം ഉയർന്നിട്ടില്ല. എന്നാൽ ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിനെ മുഖമടച്ച് എതിർക്കുകയാണ് ഭൂരിപക്ഷവും. ഇക്കൂട്ടത്തിൽ മോഹൻലാൽ ആരാധകരുടെ രോഷം വൻപ്രതിഷേധത്തിലേക്ക് കടക്കുകയാണ്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും അവേശവും ആകാംക്ഷയും സമ്മാനിച്ച ഒടിയൻ നാളെ റിലീസിന് തയാറെടുത്തിരിക്കെയാണ് അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിച്ചത്. മിനുറ്റുകൾക്ക് മുൻപ് ഒടിയൻ ലഹരിയിൽ ആറാടിയ സോഷ്യൽ ലോകം ഇപ്പോൾ പ്രതിഷേധക്കടലാണ്.

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു നാളെ. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തിയറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്.  35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് മോഹൻലാലിന്റെ തട്ടകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻസുകാരുടെ തെറികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴി​ഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്. ചിത്രം കാണാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഹർത്താൽ കൊടുത്തത് ചില്ലറ പണിയല്ല. കേരളത്തിലെ സിനിമാപ്രേമികൾ ഇൗ ഹർത്താലിനെ ബഹിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.   

അപ്രതീക്ഷിതമായി ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ വലഞ്ഞിരിക്കുകയാണ് കേരളം. ‘പിണറായി സർക്കാരിന്റെ അയ്യപ്പവേട്ടയിൽ മനംനൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലൻ നായരോടുള്ള ആദരസൂചകമായി നാള ബിജെപി ഹർത്താൽ ആചരിക്കും’ എന്ന പോസ്റ്റിന് ചുവട്ടിൽ തെറിവിളികളുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. പുലര്‍ച്ചെ  പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍  സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.   അത്യാസന്ന നിലയിലായിരുന്ന വേണുഗോപാലന്‍ നായര്‍ വൈകിട്ട് നാലു മണിയോടെയാണ് മരിച്ചത്.