തായ്‍ലൻഡിലെ െസറ്റിൽ ദിലീപും കാവ്യയ്ക്കും വിവാഹ വാർഷികാഘോഷം; വിഡിയോ

പ്രൊഫസർ ഡിങ്കന്റെ സെറ്റിൽ വിവാഹവാർഷികം ആഘോഷിച്ച് ദിലീപ്. തായ്‌ലൻഡ് സെറ്റിൽവെച്ചായിരുന്നു അണിയറപ്രവർത്തകർ വിവാഹവാർഷികം ആഘോഷമാക്കി മാറ്റിയത്. രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും എത്തി.

ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്താണ്. പട്ടായ, ബാങ്കോക്ക്, തായ്‍ലൻഡ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. മൂന്നുകേക്കുകളാണ് വിവാഹവാർഷികത്തിന് ഒരുക്കിയിരുന്നത്. സെറ്റിലുള്ള എല്ലാവർക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നൽകിയത്.

കാവ്യ മാധവനും കുഞ്ഞ് മഹാലക്ഷ്മിയും നാട്ടിലാണ്. അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. നിർമാണം സനൽ തോട്ടം.

ജാപ്പനീസ്, തായ്‍ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ. തായ‌്‌ലൻഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരും ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.